മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിന്റെ (MBRSC) നേതൃത്വത്തിൽ യു എ ഇ പുതിയ ഒരു ചാന്ദ്രപര്യവേഷണ ദൗത്യത്തിന് തയ്യാറെടുക്കുന്നതായി ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. 2023 ഏപ്രിൽ 26-നാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.
റാഷിദ് റോവറിനെയും വഹിച്ച് കൊണ്ട് പോയിരുന്ന ‘HAKUTO-R’ M1 ലാൻഡറുമായുള്ള ബന്ധം നഷ്ടമായതിനെത്തുടർന്ന് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ എന്നിവർ 2023 ഏപ്രിൽ 26-ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിൽ സന്ദർശനം നടത്തിയിരുന്നു. ഈ വേളയിലാണ് H.H. ഷെയ്ഖ് മുഹമ്മദ് പുതിയ ചാന്ദ്രപര്യവേഷണ ദൗത്യം പ്രഖ്യാപിച്ചത്.
റാഷിദ് 2 എന്നാണ് ഈ പുതിയ ചാന്ദ്രപര്യവേഷണ ദൗത്യത്തിന് പേരിട്ടിരിക്കുന്നത്. ആദ്യ ചാന്ദ്രപര്യവേഷണ ദൗത്യത്തിന്റെ ഭാഗമായിരുന്ന സംഘാംഗങ്ങളെ ഇരുവരും അഭിനന്ദിച്ചു.
“റാഷിദ് റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിൽ പരാജയപ്പെട്ടെങ്കിലും, ചന്ദ്രനിലെത്തുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി, നൂതന ബഹിരാകാശ പദ്ധതികൾ കൈകാര്യം ചെയ്യുന്നതിൽ ഏറെ മിടുക്കരായ യുവാക്കളുടെ ഒരു സംഘത്തെ രൂപീകരിക്കാൻ ഞങ്ങൾക്ക് സാധിച്ചു. ശൂന്യതയിൽ നിന്ന്, കേവലം പത്ത് വർഷം കൊണ്ട്, ബഹിരാകാശ മേഖലയിൽ ഒരു ഇടം നേടാനായി എന്നത് യു എ ഇയെ സംബന്ധിച്ച് ഏറെ അഭിമാനകരമായ നേട്ടമാണ്. ചന്ദ്രോപരിതലത്തിൽ വിജയകരമായി എത്തിച്ചേരുക എന്ന ലക്ഷ്യവുമായി റാഷിദ് 2 എന്ന പുതിയ ഒരു ചന്ദ്രയാത്ര പേടകത്തിന്റെ നിർമ്മാണപ്രക്രിയകൾ ഞങ്ങൾ ഇന്ന് മുതൽ ആരംഭിക്കുന്നു.”, പുതിയ പദ്ധതി പ്രഖ്യാപിച്ച് കൊണ്ട് H.H. ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.
ബഹിരാകാശ പര്യവേക്ഷണ മേഖലയിൽ യു എ ഇ പുതിയ പദ്ധതികൾക്ക് രൂപം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എമിറേറ്റ്സ് ലൂണാർ മിഷന്റെ ഭാഗമായി റാഷിദ് റോവറിനെയും വഹിച്ച് കൊണ്ട് സഞ്ചരിക്കുന്ന ‘HAKUTO-R’ M1 ലാൻഡർ വാഹനവുമായുള്ള ബന്ധം അവസാന നിമിഷം നഷ്ടമായതായും, വാഹനം വിജയകരമായി ചന്ദ്രോപരിതലത്തിലിറങ്ങിയോ എന്നതിൽ സ്ഥിരീകരണം നൽകാൻ കഴിയുന്നില്ലെന്നും 2023 ഏപ്രിൽ 25-ന് ഐസ്പേസ് അറിയിച്ചിരുന്നു.
2023 ഏപ്രിൽ 25-ന് രാത്രി 8.40-നാണ് (യു എ ഇ സമയം) റാഷിദ് റോവറിനെയും വഹിച്ച് കൊണ്ട് സഞ്ചരിക്കുന്ന ജാപ്പനീസ് ലാൻഡർ വാഹനമായ ‘HAKUTO-R’ ചന്ദ്രോപരിതലത്തിലിറങ്ങുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. ഇതിന് ഏതാണ്ട് അരമണിക്കൂറിന് ശേഷമാണ് ലാൻഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ടോക്കിയോയിൽ നിന്നുള്ള മിഷൻ കൺട്രോൾ അറിയിപ്പ് നൽകിയത്.
ലാൻഡിങ്ങിനിടെ കൺട്രോൾ സ്റ്റേഷനുമായി ബന്ധം നഷ്ടപ്പെട്ട ‘HAKUTO-R’ M1 ലാൻഡർ വാഹനം ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയിരിക്കാൻ സാധ്യതയുള്ളതായി ജാപ്പനീസ് കമ്പനിയായ ഐസ്പേസ് പിന്നീട് അറിയിച്ചിരുന്നു.
Cover Image: Dubai Media Office.