യു എ ഇ: മറ്റു വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി

GCC News

എമിറേറ്റിലെ റോഡുകളിൽ മറ്റു വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. 2023 മെയ് 5-നാണ് അബുദാബി പോലീസ് ഇക്കാര്യം ഓർമ്മപ്പെടുത്തിയത്.

മറ്റു വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കാതെ വാഹനങ്ങൾ ഓടിക്കുന്നത് മൂലം റോഡിൽ ഉണ്ടാകുന്ന ഒരു അപകടത്തിന്റെ ദൃശ്യം പങ്ക് വെച്ച് കൊണ്ടാണ് അബുദാബി പോലീസ് ഇക്കാര്യം പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തിയത്. ഇത്തരം ഡ്രൈവിംഗ് ശീലങ്ങൾ അപകടങ്ങളിലേക്ക് നയിക്കുമെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

അബുദാബിയിലെ റോഡുകളിൽ മുന്നിലെ വാഹനങ്ങളുമായി നിശ്ചിത അകലം പാലിക്കാതെ അപകടങ്ങൾക്കിടയാകുന്ന രീതിയിൽ തൊട്ടു പിറകിലായി വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നത് നിയമലംഘനമാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി. റോഡപകടങ്ങൾക്കിടയാക്കുന്ന പ്രധാന നിയമലംഘനങ്ങളിലൊന്നാണ് ഈ പ്രവർത്തിയെന്നും അബുദാബി പോലീസ് വ്യക്തമാക്കി.

എമിറേറ്റിലെ റോഡുകളിൽ മറ്റു വാഹനങ്ങളുമായി നിശ്ചിത അകലം പാലിക്കാതെ വാഹനങ്ങൾ ഓടിക്കുന്നവർക്ക് 400 ദിർഹം പിഴചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി. ഇതിന് പുറമെ, ഇത്തരം വീഴ്ച്ചകൾ വരുത്തുന്ന ഡ്രൈവർമാർക്ക് 4 ബ്ലാക്ക് പോയിന്റുകൾ ചുമത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ഇതിന് പുറമെ, മുന്നിലെ വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കുന്നതിൽ വീഴ്ച്ച വരുത്തിയ വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും അബുദാബി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ വിട്ടുകിട്ടുന്നതിനായി മൂന്ന് മാസത്തിനിടയിൽ 5000 ദിർഹം പിഴ ഒടുക്കേണ്ടിവരുന്നതാണ്. ഈ പിഴ തുക അടച്ച് കൊണ്ട് തിരിച്ചെടുക്കാത്ത വാഹനങ്ങൾ മൂന്ന് മാസത്തെ കാലാവധിയ്ക്ക് ശേഷം ലേലം ചെയ്യുന്നതാണ്.

Cover Image: WAM.