ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് പകർത്തിയ അബുദാബിയുടെ അത്യാകർഷകമായ ബഹിരാകാശ ദൃശ്യം എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദി പങ്ക് വെച്ചു. 2023 മെയ് 15-ന് രാത്രിയാണ് സുൽത്താൻ അൽ നെയാദി ഈ ദൃശ്യം പങ്ക് വെച്ചത്.
“നമ്മുടെ പ്രിയപ്പെട്ട ഭവനമായ യു എ ഇയുടെ ഹൃദയം ഇതാ! ഏറെ ആകർഷകമായ ഒരു വർത്തമാനകാലവും, പ്രതീക്ഷകൾ നൽകുന്ന ഭാവിയും ഉൾകൊള്ളുന്ന ഒരു നഗരം; നമ്മുടെ രാജ്യത്തിന്റെ തലസ്ഥാനം, അബുദാബി.”, അബുദാബിയുടെ ബഹിരാകാശത്ത് നിന്നുള്ള ‘പച്ചപ്പാർന്ന’ ദൃശ്യം പങ്ക് വെച്ച് കൊണ്ട് സുൽത്താൻ അൽ നെയാദി ട്വിറ്ററിൽ കുറിച്ചു.
ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ ഉയരത്തിൽ നിന്ന് പകർത്തിയ ഈ ദൃശ്യത്തിൽ സമൃദ്ധമായ പച്ചപ്പാർന്ന വർണത്തിൽ തിളങ്ങുന്ന അബുദാബി കാണാവുന്നതാണ്.
ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് പകർത്തിയ മക്കയുടെയും, മദീനയുടെയും രാത്രി സമയത്തുള്ള ബഹിരാകാശ ദൃശ്യങ്ങൾ, അറേബ്യൻ പെനിൻസുല മേഖലയുടെ ബഹിരാകാശത്ത് നിന്നുള്ള ദൃശ്യങ്ങൾ, ദുബായിയുടെ ബഹിരാകാശത്ത് നിന്നുള്ള തിളങ്ങുന്ന രാത്രി ദൃശ്യം എന്നിവ അദ്ദേഹം നേരത്തെ പങ്ക് വെച്ചിരുന്നു.
യു എ ഇയുടെ ദീർഘകാല ബഹിരാകാശയാത്രാ ദൗത്യത്തിന്റെ ഭാഗമായാണ് അൽ നെയാദി ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെത്തിയത്.
Cover Image: @Astro_Alneyadi.