അബുദാബി: പുതിയ ട്രാഫിക് അലർട്ട് സംവിധാനം പ്രയോഗക്ഷമമാക്കിയതായി പോലീസ്

featured UAE

എമിറേറ്റിലെ എല്ലാ പ്രധാന ഹൈവേകളിലും ഒരു പുതിയ ട്രാഫിക് അലർട്ട് സംവിധാനം പ്രയോഗക്ഷമമാക്കിയതായി അബുദാബി പോലീസ് അറിയിച്ചു. 2023 മെയ് 15-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഈ ട്രാഫിക് അലർട്ട് സംവിധാനത്തിന്റെ പ്രവർത്തനം വിവരിക്കുന്ന ഒരു വീഡിയോ അബുദാബി മീഡിയ ഓഫീസ് പങ്ക് വെച്ചിട്ടുണ്ട്. ഈ റോഡ് അലർട്ട് സംവിധാനത്തിലൂടെ വിവിധ നിറങ്ങളിലുള്ള ലൈറ്റുകളുടെ സഹായത്തോടെ ട്രാഫിക് അറിയിപ്പുകൾ, പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങൾ മുതലായവ സംബന്ധിച്ച് ഡ്രൈവർമാർക്ക് ജാഗ്രതാ നിർദ്ദേശം നൽകുന്നതിനാണ് പോലീസ് ലക്ഷ്യമിടുന്നത്.

Source: Abu Dhabi Media Office.

എമിറേറ്റിലെ റോഡ് സുരക്ഷ കൂടുതൽ ശക്തമാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ നടപടി. ഈ ട്രാഫിക് അലർട്ട് സംവിധാനത്തിലെ വിവിധ നിറത്തിലുള്ള ലൈറ്റുകൾ താഴെ പറയുന്ന സാഹചര്യങ്ങളെ സൂചിപ്പിക്കുന്നു:

  • ചുവപ്പ്, നീല നിറത്തിൽ ഫ്ലാഷ് ചെയ്യുന്ന ലൈറ്റുകൾ – മുന്‍പില്‍ സംഭവിച്ചിട്ടുള്ള ഒരു റോഡ് അപകടത്തെക്കുറിച്ച് ഡ്രൈവർമാർക്ക് അറിയിപ്പ് നൽകുന്നു.
  • മഞ്ഞ നിറത്തിൽ ഫ്ലാഷ് ചെയ്യുന്ന ലൈറ്റുകൾ – മൂടൽമഞ്ഞ്, പൊടിക്കാറ്റ്, മഴ തുടങ്ങിയ പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങളെക്കുറിച്ച് ഡ്രൈവർമാർക്ക് അറിയിപ്പ് നൽകുന്നു. ഡ്രൈവറുടെ ശ്രദ്ധ ആവശ്യമായ റോഡിലെ മറ്റു സാഹചര്യങ്ങളെക്കുറിച്ച് അറിയിപ്പ് നൽകുന്നതിനും ഈ നിറത്തിലുള്ള ലൈറ്റ് ഉപയോഗിക്കുന്നതാണ്.

സോളാർ എനർജിയിലും, ബാറ്ററിയിലും പ്രവർത്തിക്കുന്ന രീതിയിലാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്.

Source: Abu Dhabi Media Office.

രാത്രിയിലും, പകലും ഡ്രൈവർമാർക്ക് ഏതാണ്ട് 200 മീറ്റർ ദൂരെ നിന്നുവരെ സുഗമമായി കാണാവുന്ന രീതിയിലാണ് ഈ ലൈറ്റുകൾ നിർമ്മിച്ചിരിക്കുന്നത്.

Cover Image: Screenshot from Video shared by Abu Dhabi Media Office.