യു എ ഇ: ഇന്ത്യാ ജ്വല്ലറി എക്‌സ്‌പോസിഷൻ സെന്റർ ദുബായിൽ ആരംഭിച്ചു

UAE

ഇന്ത്യ – യു എ ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (CEPA) ഒന്നാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ജെം ആൻഡ് ജ്വല്ലറി എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ (GJEPC) യു എ ഇയിൽ ഇന്ത്യാ ജ്വല്ലറി എക്‌സ്‌പോസിഷൻ സെന്റർ (IJEX) ആരംഭിച്ചു. ദുബായിലെ ഗോൾഡ് സൂഖിൽ ആരംഭിച്ചിരിക്കുന്ന IJEX ഇത്തരത്തിലുള്ള ആദ്യത്തെ ഇന്ത്യാ ജ്വല്ലറി എക്‌സ്‌പോസിഷൻ സെന്ററാണ്.

എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിലെ മൈക്രോ, ചെറുകിട, ഇടത്തരം ജ്വല്ലറി സംരംഭങ്ങൾക്ക് (MSMEs) തങ്ങളുടെ ഉൽപ്പന്നങ്ങൾ മിഡിൽ ഈസ്റ്റ് വിപണിയിൽ പ്രദർശിപ്പിക്കുന്നതിന് മികച്ച ഒരു പ്ലാറ്റ്ഫോമാണ് IJEX.

CEPA-യുടെ ഒന്നാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ‘CEPA ബിയോണ്ട് ട്രേഡ്’ എന്ന പേരിൽ നടന്ന പ്രത്യേക പരിപാടിയിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഇന്ത്യയുടെ രത്‌ന, ആഭരണ മേഖലയ്ക്ക് പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലെ വിപണികളിലുള്ള പ്രാധാന്യത്തിന്റെ പ്രതിഫലനമാണ് ഈ നീക്കം.

CEPA-യുടെ ഫലമായി സ്വർണ്ണത്തിന്റെ ഇറക്കുമതി താരിഫ് 2022 മെയ് മുതൽ കുറഞ്ഞിരുന്നു. മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക പ്രദേശങ്ങളിലേക്കുള്ള ഇന്ത്യൻ രത്ന, ജ്വല്ലറി മേഖലയുടെ ഒരു പ്രധാന കവാടമായി IJEX മാറുന്നതാണ്.

IJEX ലോഞ്ച് ചടങ്ങിൽ യു എ ഇ മിനിസ്ട്രി ഓഫ് എക്കണോമിയിലെ ഫോറിൻ ട്രേഡ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ജുമാ അൽ ഖൈത്, യു എ ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, DPIIT സെക്രട്ടറി രാജേഷ് കുമാർ സിംഗ്, കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഡോ. ശ്രീകർ കെ റെഡ്ഡി, GJEPC വൈസ് ചെയർമാൻ ശ്രീ കിരിത് ബൻസാലി എന്നിവർ പങ്കെടുത്തു.

വ്യാവസായിക ഉൽപ്പാദന വർദ്ധനവിലൂടെ ഇന്ത്യ – യു എ ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) അഭിവൃദ്ധിയുടെ പുതിയ യുഗത്തിന് തുടക്കം കുറിക്കുന്നതായി മന്ത്രി യു എ ഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി ‘CEPA ബിയോണ്ട് ട്രേഡ്’ പരിപാടിയിൽ സംസാരിച്ച് കൊണ്ട് നേരത്തെ അറിയിച്ചിരുന്നു.

WAM