ബഹ്‌റൈൻ: തട്ടിപ്പ് ലക്ഷ്യമിട്ടുള്ള വാട്സ്ആപ്പ് കാളുകൾ, സന്ദേശങ്ങൾ എന്നിവയെക്കുറിച്ച് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി

Bahrain featured

വ്യക്തി വിവരങ്ങൾ ചോർത്തുന്നത് ലക്ഷ്യമിട്ടുള്ള വാട്സ്ആപ്പ് കാളുകൾ, സന്ദേശങ്ങൾ എന്നിവയെക്കുറിച്ച് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക ലോഗോ ദുരുപയോഗം ചെയ്യുന്ന വ്യാജ വാട്സ്ആപ്പ് അക്കൗണ്ടുകളിൽ നിന്നാണ് ഈ തട്ടിപ്പ് കാളുകളും, സന്ദേശങ്ങളും വരുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരായി ചമഞ്ഞ് കൊണ്ട് ഇത്തരം കാളുകളിലും, സന്ദേശങ്ങളിലും വ്യക്തികളുടെ COVID-19 വാക്സിനേഷൻ ഡോസ് സംബന്ധിച്ച വിവരങ്ങളാണ് തട്ടിപ്പ് സംഘങ്ങൾ ആവശ്യപ്പെടുന്നതെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

വാക്സിനേഷൻ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനായി വ്യക്തികളോട് ഒരു വ്യാജ ആപ്പ് ഡൌൺലോഡ് ചെയ്യുന്നതിനാണ് ഇത്തരം തട്ടിപ്പ് സംഘങ്ങൾ ആവശ്യപ്പെടുന്നത്. ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന വ്യക്തികളുടെ ഫോണിൽ നിന്നുള്ള ബാങ്കിങ്ങ് വിവരങ്ങൾ, അക്കൗണ്ട് സംബന്ധമായ വിവരങ്ങൾ എന്നിവ ഉൾപ്പടെയുള്ള സ്വകാര്യ വിവരങ്ങൾ ഈ തട്ടിപ്പ് സംഘങ്ങൾ ചോർത്തുന്നതായും, അതിനാൽ ഇത്തരം തട്ടിപ്പിന് ഇരയാകാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Cover Image: Pixabay.