അവർ മാലാഖമാർ – നന്ദിയോടെ സ്മരിക്കേണ്ടവർ

Editorial

ലോകാതിർത്തികൾ മറികടന്ന് പടർന്നു കയറുന്ന COVID-19 എന്ന മാരക വൈറസ് മനുഷ്യരാശിക്ക് മുന്നിൽ വലിയൊരു ചോദ്യചിഹ്നമായി നിലകൊള്ളുകയാണ്. ശാസ്ത്രം അതിവേഗം ഈ വൈറസിനെ കുറിച്ചുള്ള പഠനങ്ങൾ നടത്തി മരുന്ന് കണ്ടുപിടിക്കുന്നത് വരെ നമുക്ക് മുന്നിലുള്ള ഏക പോംവഴി പ്രതിരോധം മാത്രമാണ്. എപ്രകാരം നാം ഈ മഹാവ്യാധിയെ പ്രതിരോധിക്കുന്നുവോ അപ്രകാരം ഈ മഹാവ്യാധിയുടെ പടർന്നുകയറ്റം തടയാനാകും എന്ന നിഗമനത്തിലാണ് ലോക ജനത. എല്ലാം അറിയാമെന്ന മനുഷ്യ ചിന്തയെയും ഒന്ന് ആട്ടിയുലച്ചു, ഈ മഹാവ്യാധി. “മനുഷ്യൻ വിഘടിച്ചല്ല, മറിച്ച് ഒറ്റകെട്ടായി നിലകൊള്ളണം” എന്ന് ഈ മഹാവ്യാധി നമ്മോട് പറയാതെ പറയുന്നു. ഈ ഘട്ടത്തിൽ നാം ചിലരെക്കുറിച്ച് ഓർക്കാതിരുന്നാൽ അത് വലിയ നന്ദികേടായി മാറും. എല്ലാ തിരക്കിൽ നിന്നും വിട്ടുനിൽക്കാനും, വീടുകളിൽ അഭയം തുടരാനും പറയുന്ന നമുക്ക് മുന്നിൽ ജീവിച്ചിരിക്കുന്ന ചില മാലാഖമാർ. അവരെക്കുറിച്ചാകട്ടെ ഇന്നത്തെ ചിന്ത.


കേൾക്കാം നിങ്ങൾക്ക് ഈ എഡിറ്റോറിയൽ!

പലപ്പോഴും തിരക്കുകളിൽ നിന്നും തിരക്കിലേക്ക് പായുന്ന നമ്മുടെ ശീലങ്ങളെ ഒരു ചങ്ങലകൊണ്ട് ബന്ധിച്ചിരിക്കുകയാണ് ഈ മഹാവ്യാധി. എന്നാൽ നമ്മുടെ സുരക്ഷയ്ക്കായി അഹോരാത്രം പ്രയത്നിക്കുന്ന വലിയ ഒരു സമൂഹം നമുക്ക് മുന്നിലുണ്ട്. അതിൽ മുൻപന്തിയിൽ നിലകൊള്ളുന്നത് ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരാണ്. ഡോക്ടർമാർ, നഴ്സിംഗ് വിഭാഗം പ്രവർത്തകർ, അറ്റെൻഡേർസ്, ക്ലീനിങ് ഡിവിഷൻ പ്രവർത്തകർ, ആംബുലൻസ് യൂണിറ്റിലെ പ്രവർത്തകർ, ഫാർമസി പ്രവർത്തകർ അവരോടൊപ്പം ശക്തമായി നിലകൊള്ളുന്ന ആരോഗ്യ മന്ത്രാലയവും, അനുബന്ധ ഉദ്യോഗസ്ഥരും. പിന്നീട് വരുന്നത് സമൂഹത്തിൽ നമ്മെ നിയന്ത്രിക്കുന്ന, നമുക്ക് സുരക്ഷയൊരുക്കുന്ന പോലീസ് വിഭാഗം പ്രവർത്തകരും, പലതരത്തിലുള്ള സേവനങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്ന വിവിധ സന്നദ്ധ പ്രവർത്തകരും, നേർക്കാഴ്ചകൾ തത്സമയം മലയാളിക്ക് മുന്നിലേക്കെത്തിക്കുന്ന മാധ്യമപ്രവർത്തകരും; ഇവർക്കെല്ലാം ഈ ഘട്ടത്തിൽ നമ്മൾ മനുഷ്യത്വത്തിൻറെ ഭാഷയിൽ നന്ദി പറയേണ്ടതുണ്ട്.

ഭരണകൂടവും, ആരോഗ്യവകുപ്പും, പോലീസ് വകുപ്പും പുറത്തിറക്കുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്, അത് തന്നെയായിരിക്കാം നാം അവർക്ക് നൽകുന്ന ഏറ്റവും വലിയ നന്ദിയും. മാനസികമായ അടുപ്പം കാത്തുസൂക്ഷിച്ച് ശാരീരിക അകലം പാലിക്കുക എന്ന ഈ ഘട്ടത്തിലെ മുൻകരുതൽ നാം പാലിക്കേണ്ടത് മാറ്റമില്ലാത്ത ഒരു നിർബന്ധമാണ്. ഇന്നും പലരും ഈ നിർദ്ദേശങ്ങൾ കാര്യമായി എടുക്കുന്നില്ലെന്നത് വലിയ നന്ദികേടായി കണക്കാക്കി നമുക്കരികിൽ ഉള്ളവരെ, അത് നമ്മുടെ കുടുംബമാകാം, സുഹൃത്തുക്കളാകാം, നാട്ടുകാരാകാം ആരും ആയിക്കൊള്ളട്ടെ അവരെ ഉത്തരവാദിത്തമുള്ള ഒരു പൗരൻ എന്ന നിലയിൽ പറഞ്ഞു മനസ്സിലാക്കി നാം ഒറ്റകെട്ടായി ഈ അടിയന്തിര ഘട്ടത്തെ മറികടക്കാനുള്ള ശ്രമത്തിൽ പങ്കാളികളാകാം. ഭരണസംവിധാനങ്ങൾ കൈക്കൊള്ളുന്ന ഓരോ സുരക്ഷാ നിർദ്ദേശവും, നിബന്ധനകളും സർക്കാരിന് വേണ്ടിയോ, ഡോക്ടർമാർക്ക് വേണ്ടിയോ, പോലീസുകാർക്ക് വേണ്ടിയോ, മറ്റുള്ളവർക്ക് വേണ്ടിയോ അല്ല; അത് നിങ്ങൾക്ക് വേണ്ടിയുള്ളത് മാത്രമാണ്; നിങ്ങളുടെയും നിങ്ങൾക്ക് പ്രിയപ്പെട്ടവരുടെയും സുരക്ഷയ്ക്കായാണ് ഓരോ തീരുമാനങ്ങളും.

ആവശ്യങ്ങളേക്കാൾ, അത്യാവശ്യത്തിനു പ്രാധാന്യം കൊടുക്കുക, ഓർക്കുക ശുചിത്വം പരമപ്രധാനം.