പാസ്പ്പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങളുമായി ബന്ധപ്പെട്ട് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് പുതിയ നിർദ്ദേശങ്ങൾ നൽകി

Uncategorized

കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുഇടങ്ങളിലെ തിരക്കുകൾ നിയന്ത്രിക്കാനുള്ള തീരുമാനങ്ങളുടെ ഭാഗമായി മാർച്ച് 22 മുതൽ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഏർപ്പെടുത്തിയിരുന്ന സേവന നിയന്ത്രണങ്ങൾ കൂടുതൽ കർശ്ശനമാക്കി. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ശേഷവും BLS, IVS സേവന കേന്ദ്രങ്ങളിൽ പാസ്സ്‌പോർട്ട് പുതുക്കുന്നതിനും, അറ്റസ്റ്റേഷൻ സേവനങ്ങൾക്കും വലിയ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇപ്പോൾ കൂടുതൽ കർശന തീരുമാനങ്ങൾ കൈകൊള്ളുന്നതെന്ന് കോൺസുലേറ്റ് ജനറൽ മാർച്ച് 23-നു പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

കൊറോണാ വൈറസ് വ്യാപനം തടയാനായി ജനങ്ങൾ തമ്മിൽ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാകുന്നതിനായാണ് ഈ പുതിയ നിയന്ത്രണങ്ങൾ:

  • ഏപ്രിൽ 30-നു മുന്നേ കാലാവധി തീരുന്നതോ, നിലവിൽ കാലാവധി കഴിഞ്ഞതോ ആയ പാസ്സ്പോർട്ടുകൾ മാത്രമേ പുതുക്കി നൽകു. മറ്റെല്ലാ പാസ്സ്പോർട്ടുകളുടെയും അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
  • സാധാരണയായുള്ള എല്ലാ അറ്റസ്റ്റേഷൻ നടപടികളും താത്കാലികമായി നിർത്തിവെക്കുകയാണെന്നും അറിയിപ്പിൽ പറയുന്നുണ്ട്. അടിയന്തിര സ്വഭാവമുള്ള അറ്റസ്റ്റേഷൻ നടപടികൾക്കായി attestation.dubai@mea.gov.in എന്ന ഇമെയിൽ വിലാസത്തിലൂടെ അപേക്ഷിക്കാവുന്നതാണ്. ഇത്തരം സന്ദേശങ്ങളിൽ അടിയന്തിര ആവശ്യത്തിന്റെ വിവരങ്ങൾ, ആവശ്യമായ രേഖകൾ എന്നിവ ഉൾപ്പെടുത്തണം.
    ദിനവും വൈകീട്ട് 4 മണി വരെ ലഭിക്കുന്ന ഇത്തരം ഇമെയിൽ അപേക്ഷകൾക്ക് കോൺസുലേറ്റ് മറുപടി നൽകുന്നതായിരിക്കും. ഇവ പരിശോധിച്ച് അർഹമായ അപേക്ഷകൾക്ക് അടുത്ത പ്രവർത്തി ദിനത്തിൽ അറ്റസ്റ്റേഷൻ നടപടികൾ പൂർത്തിയാക്കി നൽകുന്നതായിരിക്കും.

ഈ നിയന്ത്രണങ്ങൾ ഇന്ന് മുതൽ നിലവിൽ വന്നിട്ടുണ്ട്.