ദുബായ്: 2023-ന്റെ ആദ്യ പകുതിയിൽ ഏതാണ്ട് 337 ദശലക്ഷം യാത്രികർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയതായി RTA

UAE

2023-ന്റെ ആദ്യ പകുതിയിൽ എമിറേറ്റിലെ ടാക്സി ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 337 ദശലക്ഷത്തിലെത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

2023 ജൂലൈ 30-നാണ് ദുബായ് അധികൃതർ ഈ കണക്കുകൾ പുറത്ത് വിട്ടത്. ദുബായ് മെട്രോ, ദുബായ് ട്രാം, ബസ്, അബ്ര, ഫെറി, വാട്ടർ ടാക്സി, വാട്ടർ ബസ്, ദുബായ് ടാക്സി, മറ്റു ഫ്രാൻഞ്ചൈസി ടാക്സി സംവിധാനങ്ങൾ, ഇ-ഹൈൽ, സ്മാർട്ട് കാർ റെന്റൽ, ബസ്-ഓൺ-ഡിമാൻഡ് തുടങ്ങിയ എല്ലാ പൊതുഗതാഗത സംവിധാനങ്ങളുടെയും ആകെയുള്ള കണക്കുകൾ പ്രകാരമാണിത്.

2022-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വർഷം യാത്രികരുടെ എണ്ണത്തിൽ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ടെന്നും RTA കൂട്ടിച്ചേർത്തു. 2022-ലെ ഇതേ കാലയളവിൽ ഏതാണ്ട് 304.6 ദശലക്ഷം പേരാണ് ദുബായിലെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയത്.