രാജ്യത്ത് നിന്ന് മടങ്ങുന്ന പ്രവാസികൾ ട്രാഫിക് പിഴതുകകൾ സംബന്ധിച്ച കുടിശ്ശികകൾ അടച്ച് തീർക്കണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 2023 ഓഗസ്റ്റ് 18-നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലേക്ക് പിരിഞ്ഞ് കിട്ടാനുള്ള തുകകൾ പിരിച്ചെടുക്കുന്ന നടപടികൾ കൂടുതൽ വേഗത്തിലാക്കുന്നതിനായാണ് ഈ തീരുമാനം. പ്രവാസികളിൽ നിന്ന് ട്രാഫിക് പിഴതുകകളിലെ കുടിശ്ശികകൾ പിരിച്ചെടുക്കുന്നതിനുള്ള എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഒരു സംവിധാനം പ്രവർത്തനക്ഷമാക്കിയതായും മന്ത്രാലയം അറിയിച്ചു.
കുവൈറ്റിലെ ഫോറീനേഴ്സ് റെസിഡൻസ് നിയമത്തിലെ ’17/1959′ എന്ന ഉത്തരവ്, ട്രാഫിക് നിയമവുമായി ബന്ധപ്പെട്ട ’67/1976′ എന്നിവ അടിസ്ഥാനമാക്കിയാണ് ഈ നടപടി. ഈ തീരുമാന പ്രകാരം കുവൈറ്റിൽ നിന്ന് മടങ്ങുന്ന പ്രവാസികൾ – കുവൈറ്റിൽ നിന്ന് പുറത്തേക്ക് സഞ്ചരിക്കുന്ന എല്ലാ സാഹചര്യങ്ങളും ബാധകം – കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സംവിധാനങ്ങളിലെ കണക്കുകൾ പ്രകാരമുള്ള ട്രാഫിക് പിഴ തുകകൾ നിർബന്ധമായും അടച്ച് തീർത്തിരിക്കണം.
2023 ഓഗസ്റ്റ് 19 മുതൽ ഈ നിബന്ധന പ്രാബല്യത്തിൽ വരുന്നതാണ്. പ്രവാസികൾക്ക് മന്ത്രാലയത്തിന്റെ ഔദ്യോഗിക ഇലക്ട്രോണിക് പോർട്ടൽ, അല്ലെങ്കിൽ ജനറൽ ട്രാഫിക് വകുപ്പിന്റെ വിവിധ ഗവർണറേറ്റുകളും, എയർപോർട്ടിലും ഉൾപ്പടെ സ്ഥിതിചെയ്യുന്ന ഓഫീസുകൾ എന്നിവ സന്ദർശിച്ച് കൊണ്ട് ഈ പിഴതുകകൾ അടച്ച് തീർക്കാവുന്നതാണ്.