അബുദാബി: മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ റോഡ് സുരക്ഷ ഉറപ്പ് വരുത്താൻ പോലീസ് ആഹ്വാനം ചെയ്തു

GCC News

എമിറേറ്റിൽ മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ റോഡ് സുരക്ഷ ഉറപ്പ് വരുത്താൻ ഡ്രൈവർമാരോട് അബുദാബി പോലീസ് ആഹ്വാനം ചെയ്തു. വാഹനങ്ങൾ സുരക്ഷിതമായി ഡ്രൈവ് ചെയ്യാനും, റോഡ് നിയമങ്ങൾ കർശനമായി പാലിക്കാനും, സുരക്ഷാ നിർദ്ദേശങ്ങൾ മറികടക്കാതിരിക്കാനും ശ്രദ്ധ ചെലുത്തണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

മഴയുള്ള സാഹചര്യങ്ങളിൽ അബുദാബിയിൽ താഴെ പറയുന്ന കാര്യങ്ങൾ ഒഴിവാക്കാൻ വാഹനങ്ങൾ ഉപയോഗിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്:

  • വെള്ളപൊക്കം ഉണ്ടാകാനിടയുള്ളതും, വെള്ളത്തിന്റെ കുത്തൊഴുക്ക് അനുഭവപ്പെടുന്നതുമായ താഴ്‌വരകൾ, താഴ്ന്ന പ്രദേശങ്ങൾ, നീര്‍ച്ചാലുകൾ എന്നിവയിലേക്ക് വാഹനങ്ങൾ പ്രവേശിപ്പിക്കരുത്.
  • ഇലക്ട്രിക് പോസ്റ്റുകളുടെയും, ഇലക്ട്രിക് ലൈനുകളുടെയും സമീപനം വാഹനങ്ങൾ നിർത്തരുത്.
  • മരങ്ങളുടെ അരികിൽ വാഹനങ്ങൾ നിർത്തരുത്.

ഇത്തരം പ്രവർത്തികൾക്ക് അബുദാബിയിൽ ബാധകമാക്കിയിട്ടുള്ള ട്രാഫിക് ഫൈനുകളും അബുദാബി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്:

  • വെള്ളപൊക്കം അനുഭവപ്പെടുന്ന മേഖലകൾ, താഴ്‌വരകൾ, ഡാമുകൾ എന്നിവയ്കരികിൽ വാഹനം നിർത്തുന്നവർക്ക് ആയിരം ദിർഹം ഫൈൻ, ആറ് ബ്ളാക്ക് പോയിന്റുകൾ എന്നിവ ചുമത്തും.
  • വെള്ളപൊക്കം അനുഭവപ്പെടുന്ന താഴ്‌വരകളിലേക്ക് വാഹനം ഇറക്കുന്നവർക്ക് രണ്ടായിരം ദിർഹം ഫൈൻ, 23 ബ്ളാക്ക് പോയിന്റുകൾ എന്നിവ ചുമത്തും. ഇതിന് പുറമെ ഇത്തരം വാഹനങ്ങൾ അറുപത് ദിവസത്തേക്ക് പിടിച്ചെടുക്കുന്നതാണ്.
  • അടിയന്തിര വാഹനങ്ങൾ, ആംബുലൻസുകൾ, പോലീസ് വാഹനങ്ങൾ എന്നിവയ്ക്ക് തടസം സൃഷ്ടിക്കുന്നവർക്കും, ഔദ്യോഗിക കൃത്യനിർവഹണം തടയുന്നവർക്കും ആയിരം ദിർഹം ഫൈൻ, നാല് ബ്ളാക്ക് പോയിന്റുകൾ എന്നിവ ചുമത്തും. ഇതിന് പുറമെ ഇത്തരം വാഹനങ്ങൾ അറുപത് ദിവസത്തേക്ക് പിടിച്ചെടുക്കുന്നതാണ്.