പൊതുഗതാഗത സംവിധാനങ്ങളിൽ സുരക്ഷാ നിർദ്ദേശങ്ങളുമായി ദുബായ് RTA; ടാക്സികളിൽ 2 യാത്രാക്കാരിൽ കൂടുതൽ പാടില്ല

GCC News

അത്യാവശ്യ ഘട്ടങ്ങളിലൊഴികെ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും പൊതുഗതാഗത സംവിധാനങ്ങളെ തീരെ ഒഴിവാക്കാനാകാത്ത സന്ദർഭങ്ങളിൽ മാത്രം ഉപയോഗിക്കാനും ദുബായ് RTA ജനങ്ങളോട് ആവശ്യപ്പെട്ടു. കൊറോണാ വൈറസ് വ്യാപനം തടയുന്നത് ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമായി ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുമായി ബന്ധപ്പെട്ട് RTA പുറപ്പെടുവിച്ച ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിലാണ് ജനങ്ങളോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്. പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷയെ മുൻനിർത്തിയാണ് RTA ഈ നടപടികൾ കൈക്കൊള്ളുന്നത്.

ഇതിന്റെ ഭാഗമായി ദുബായിലെ ടാക്സികളിൽ രണ്ടിൽ കൂടുതൽ യാത്രക്കാരെ അനുവദിക്കുന്നതല്ല എന്ന് RTA അറിയിച്ചിട്ടുണ്ട്. പിൻസീറ്റിൽ മാത്രമാണ് യാത്രക്കാരെ അനുവദിക്കുക. പൊതു ബസുകളിലും മെട്രോകളിലും അനുവദനീയമായ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ട്. യാത്രക്കാർ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും നിർദ്ദേശമുണ്ട്.

ബസുകളുടെ വാതിലുകൾ ഡ്രൈവർ മാത്രമായിരിക്കും പ്രവർത്തിപ്പിക്കുക എന്നും മുന്നിലെയും നടുവിലെയും വാതിലുകൾ മാത്രമേ തുറക്കൂ എന്നും അറിയിപ്പിൽ പറയുന്നു. ദുബായിലെ ബസ് ഷെൽറ്ററുകളെല്ലാം താത്കാലികമായി അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്. ഓരോ സർവീസിലും അനുവദനീയമായ ആളുകളുടെ എണ്ണത്തിൽ കുറവ് വരുത്തുമ്പോൾ ഉള്ള തിരക്ക് നിയന്ത്രിക്കാനായി മെട്രോ സർവീസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കും.

തീരെ ഒഴിവാക്കാനാകാത്ത യാത്രകൾക്കായി തിരക്ക് കുറവുള്ള സമയങ്ങൾ തിരഞ്ഞെടുക്കാനും ജനങ്ങളോട് RTA അഭ്യർത്ഥിച്ചിട്ടുണ്ട്. സുരക്ഷാ നിർദ്ദേശങ്ങൾ നൽകുന്നതിനായി നിയമിച്ചിട്ടുള്ള ജീവനക്കാരുടെ അറിയിപ്പുകൾ കർശനമായി പാലിക്കണം എന്നും പൊതുജനങ്ങളോട് RTA ആവശ്യപ്പെട്ടു.

1 thought on “പൊതുഗതാഗത സംവിധാനങ്ങളിൽ സുരക്ഷാ നിർദ്ദേശങ്ങളുമായി ദുബായ് RTA; ടാക്സികളിൽ 2 യാത്രാക്കാരിൽ കൂടുതൽ പാടില്ല

Comments are closed.