യു എ ഇയുടെ അമ്പത്തിരണ്ടാമത് ദേശീയദിനാഘോഷങ്ങളുടെ വേളയിൽ പൊതുസുരക്ഷ ഉറപ്പാക്കുന്നതിനായി പാലിക്കേണ്ട നിയമങ്ങൾ സംബന്ധിച്ച് അബുദാബി പോലീസ് അറിയിപ്പ് നൽകി. 2023 നവംബർ 25-നാണ് പോലീസ് ഈ അറിയിപ്പ് നൽകിയത്.
പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് ഇത്തരം ഒരു അറിയിപ്പ്. ഈ അറിയിപ്പ് പ്രകാരം, യു എ ഇ നാഷണൽ ഡേ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിയമങ്ങൾ പാലിക്കേണ്ടതാണെന്ന് അബുദാബി പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്:
- മാർച്ചുകൾ, പൊതുഇടങ്ങളിൽ നടത്തുന്ന മുൻകൂട്ടി അറിയിക്കാതെയുള്ള കൂടിച്ചേരലുകൾ എന്നിവയ്ക്ക് അനുമതിയില്ല.
- അലങ്കാരങ്ങളുടെ ഭാഗമായി യു എ ഇ ദേശീയ പതാക, യൂണിയൻ ഡേ പോസ്റ്ററുകൾ എന്നിവ ഒഴികെയുള്ള പതാകകൾ, ബാനറുകൾ തുടങ്ങിയവ പ്രദർശിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
- ദേശീയദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നവർ ട്രാഫിക് നിയമങ്ങൾ, പോലീസ് അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ എന്നിവ കൃത്യമായി പാലിക്കേണ്ടതാണ്. ഇതിൽ വിട്ടുവീഴ്ച്ചകൾ അനുവദിക്കുന്നതല്ല.
- വാഹനങ്ങളിൽ നിന്നും മറ്റും വെക്കുന്ന പാട്ടുകളുടെ ശബ്ദം പരമാവധി നിയന്ത്രിക്കേണ്ടതാണ്. ഇത് യൂണിയൻ ഡേ ആഘോഷങ്ങളുമായി ബന്ധപ്പെട്ട പാട്ടുകൾ ആയിരിക്കണം.
- സ്പ്രേ ചെയ്യുന്ന തരത്തിലുള്ള എല്ലാ ഉപകരണങ്ങളും കർശനമായി വിലക്കിയിട്ടുണ്ട്. വാഹനങ്ങൾ ഓടിക്കുന്നവർ, വാഹനങ്ങളിലെ യാത്രികർ, കാൽനടക്കാർ എന്നിവർക്കെല്ലാം ഈ വിലക്ക് ബാധകമാണ്.
- യൂണിയൻ ഡേയുമായി ബന്ധപ്പെട്ടതല്ലാത്ത സ്കാർഫുകൾ നിരോധിച്ചിട്ടുണ്ട്.
- കാറുകളുടെ ഇരുവശത്തേയും നമ്പർ പ്ലേറ്റുകൾ മറയ്ക്കുന്ന രീതിയിലുള്ള അലങ്കാരങ്ങൾക്ക് അനുമതിയില്ല. ഇരു നമ്പർ പ്ലേറ്റുകളിലും മാറ്റങ്ങൾ അനുവദിക്കുന്നതല്ല.
- വാഹനങ്ങളുടെ നിറം മാറ്റരുത്. വാഹനങ്ങളുടെ ചില്ലുകളിൽ നിറങ്ങൾ, മറയ്ക്കുന്ന രീതിയിലുള്ള സ്റ്റിക്കറുകൾ എന്നിവ പതിക്കരുത്.
- മറ്റു രാജ്യങ്ങളുടെ ദേശീയ പതാക ഉയർത്തുന്നതിനും, പ്രദർശിപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
- വാഹനങ്ങളിൽ ഉചിതമല്ലാത്ത വാചകങ്ങൾ, അത്തരം സ്റ്റിക്കറുകൾ, ലോഗോ എന്നിവ പതിക്കരുത്. യൂണിയൻ ഡേ സ്റ്റിക്കറുകൾക്ക് മാത്രമാണ് അനുമതി.
- വാഹനങ്ങളുടെ ചില്ലുകളിൽ (എല്ലാ ചില്ലുകളിലും ബാധകം) ഒരു തരത്തിലുള്ള സ്റ്റിക്കറുകളും പതിക്കരുത്.
- വാഹനങ്ങളിൽ പരമാവധി അനുവദനീയമായതിൽ കൂടുതൽ യാത്രികരുമായി സഞ്ചരിക്കരുത്.
- വാഹനങ്ങളിലെ യാത്രികർ സൺറൂഫ്, ജനലുകൾ എന്നിവയിലൂടെ തല, ദേഹം എന്നിവ പുറത്തേക്ക് നീട്ടി സഞ്ചരിക്കരുത്.
- പ്രധാന റോഡുകളിലും, ഉൾറോഡുകളിലും വാഹനങ്ങൾ ഉപയോഗിച്ചുള്ള സാഹസിക പ്രകടനങ്ങൾ കർശനമായി വിലക്കിയിട്ടുണ്ട്.
ഇത്തരം നിർദേശങ്ങളിൽ വീഴ്ച്ച വരുത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.