ദുബായ്: എമിറാത്തി ലൈറ്റ് ആർട്ട് ഫെസ്റ്റിവൽ എക്സ്പോ സിറ്റിയിൽ ആരംഭിച്ചു

featured UAE

പത്ത് ദിവസം നീണ്ട് നിൽക്കുന്ന എമിറാത്തി ലൈറ്റ് ആർട്ട് ആൻഡ് കൾച്ചർ മേളയായ ‘ധായ് ദുബായ്’ എക്സ്പോ സിറ്റിയിൽ ആരംഭിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2024 ജനുവരി 26-നാണ് ഈ മേള ആരംഭിച്ചത്. ഈ മേള ഫെബ്രുവരി 4 വരെ നീണ്ട് നിൽക്കും.

ഇതാദ്യമായാണ് ഇത്തരം ഒരു മേള സംഘടിപ്പിക്കുന്നത്. കലാ രൂപങ്ങൾ, ആർട്ട് ഇൻസ്റ്റലേഷനുകൾ, സംവാദങ്ങൾ, സെമിനാറുകൾ തുടങ്ങിയവയിലൂടെ എമിറാത്തി കലാപാരമ്പര്യത്തിന്റെ ഒരു ആഘോഷം എന്ന രീതിയിലാണ് ഈ മേള ഒരുക്കിയിരിക്കുന്നത്.

എ ജി ബി ക്രീയേറ്റീവുമായി ചേർന്ന് നടത്തുന്ന ഈ മേള ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റിയുടെ പിന്തുണയോടെയാണ് ഒരുക്കിയിരിക്കുന്നത്. ഈ മേളയിലേക്ക് പ്രവേശനം സൗജന്യമാണ്.

മേളയുടെ ഉദ്ഘാടന ചടങ്ങിൽ ദുബായ് കൾച്ചർ ആർട്സ് ലിറ്ററേച്ചർ വിഭാഗം സി ഇ ഓ ഡോ. സയീദ് മുബാറക് ബിൻ ഖർബാഷ്, എക്സ്പോ സിറ്റി ദുബായ് എക്സിക്യൂട്ടീവ് ക്രിയേറ്റീവ് ഡയറക്ടർ അംന അബുൽഹൊൽ, എ ജി ബി ക്രീയേറ്റീവ് സി ഇ ഓ ആന്തണി ബാസ്റ്റിക് തുടങ്ങിയവർ പങ്കെടുത്തു.