ദുബായ്: ഏരിയൽ ടാക്സി സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള കരാറിൽ RTA ഒപ്പ് വെച്ചു

featured GCC News

2026-ഓടെ എമിറേറ്റിൽ ഏരിയൽ ടാക്സി സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള കരാറിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ഒപ്പ് വെച്ചു. 2024 ഫെബ്രുവരി 11-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ദുബായ് RTA, യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി, ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി, വ്യോമയാന ടാക്സി സേവന സംവിധാനങ്ങളുടെ നിർമ്മാതാക്കളായ ജോബി ഏവിയേഷൻ, വെർട്ടിപോർട്ട് അടിസ്ഥാന സൗകര്യങ്ങളുടെ വികസനമേഖലയിൽ പ്രവർത്തിക്കുന്ന സ്കൈസ്പോർട്സ് ഇൻഫ്രാസ്ട്രക്ചർ എന്നിവരാണ് ഈ കരാറിൽ ഒപ്പ് വെച്ചിരിക്കുന്നത്.

Source: Dubai Media Office.

യു എ ഇ വൈസ് പ്രെസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, RTA ചെയർമാൻ മത്തർ അൽ തയർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഈ കരാറിൽ ഒപ്പ് വെച്ചത്. വേൾഡ് ഗവൺമെന്റ് സമ്മിറ്റിന്റ പശ്ചാത്തലത്തിലായിരുന്നു ഈ ചടങ്ങ് നടന്നത്.

നഗരത്തിലെ വിവിധ പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഏരിയൽ ടാക്സി സേവനങ്ങൾ ആരംഭിക്കുന്ന ലോകത്തെ ആദ്യ നഗരം എന്ന നേട്ടമാണ് ദുബായ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ സേവനത്തിനായി ജോബി ഏവിയേഷൻ തയ്യാറിക്കിയിരിക്കുന്ന ‘Joby Aviation S4’ ഏരിയൽ ടാക്സി വാഹനമാണ് ഉപയോഗിക്കുന്നത്.

നാല് യാത്രികർക്കും, ഒരു പൈലറ്റിനും സഞ്ചരിക്കാനാകുന്ന ഈ വാഹനത്തിന് ആറ് പ്രൊപ്പല്ലറുകളും, നാല് ബാറ്ററി പാക്കുകളുമുണ്ട്. ഈ ഏരിയൽ ടാക്സി വാഹനത്തിന്റെ പരമാവധി റേഞ്ച് 161 കിലോമീറ്ററാണ്. മണിക്കൂറിൽ 321 കിലോമീറ്റർ വരെ പരമാവധി വേഗം കൈവരിക്കാനാകുന്ന ഈ പരിസ്ഥിതി സൗഹൃദ വാഹനം ഒരു ട്രിപ്പിന് വേണ്ടി ചാർജ് ചെയ്യുന്നതിന് 10 മിനിറ്റ് മാത്രമാണെടുക്കുന്നത്.

2026-ൽ വാണിജ്യാടിസ്ഥാനത്തിൽ ആരംഭിക്കാനിരിക്കുന്ന ആദ്യ ഘട്ടത്തിൽ ദുബായിലെ താഴെ പറയുന്ന നാല് ഇടങ്ങളിലാണ് ഈ ഏരിയൽ ടാക്സി സേവനങ്ങൾ നടപ്പിലാക്കുന്നത്:

  • ദുബായ് ഇന്റർനാഷണൽ എയർപോർട്ട്
  • ഡൗൺടൗൺ മേഖല
  • ദുബായ് മറീന
  • പാം ജുമേയറാഹ്

എയർ ടാക്സി സേവനങ്ങളുമായി ബന്ധപ്പെട്ട സ്റ്റേഷനുകളുടെ രൂപരേഖകൾക്ക് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞ വർഷം അംഗീകാരം നൽകിയിരുന്നു.