2024 ഏപ്രിൽ 28 മുതൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ട്രക്കുകൾക്ക് സഞ്ചരിക്കുന്നതിന് അനുമതി നൽകിയിട്ടുള്ള സമയക്രമങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അറിയിച്ചു. 2024 ഏപ്രിൽ 1-നാണ് RTA ഇക്കാര്യം അറിയിച്ചത്.
എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ അറിയിപ്പ് പ്രകാരം, 2024 ഏപ്രിൽ 28 മുതൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ റാസ് അൽ ഖോർ റോഡ് മുതൽ ഷാർജ വരെയുള്ള മേഖലയിൽ ഇരുവശത്തേക്കുമാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ഈ മേഖലയിൽ റോഡിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്ക് സഞ്ചരിക്കുന്നതിന് അനുമതിയുണ്ടായിരിക്കുന്നതല്ല. രാവിലെ 06:30 മുതൽ 08:30 വരെ, ഉച്ചയ്ക്ക് 01:00 മുതൽ വൈകീട്ട് 03:00 വരെ, വൈകീട്ട് 05:30 മുതൽ രാത്രി 08:00 വരെ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ ട്രാഫിക് കൂടുതൽ സുഗമമാക്കുന്നത് ലക്ഷ്യമിട്ടാണ് ഇത്തരം ഒരു തീരുമാനമെന്ന് RTA ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സി ഇ ഓ ഹുസ്സയിൻ അൽ ബന്ന അറിയിച്ചു.
Cover Image: Dubai Media Office.