ദുബായ് മെട്രോയുടെ റെഡ് ലൈനിൽ യാത്രചെയ്യുന്നവർക്ക് 2024 ഏപ്രിൽ 15 മുതൽ യു എ ഇ എക്സ്ചേഞ്ച് സ്റ്റേഷനിലേക്ക് ട്രെയിൻ മാറികയറാതെ യാത്ര ചെയ്യുന്നതിനുള്ള സേവനം നടപ്പിലാക്കുന്നതായി അധികൃതർ അറിയിച്ചു. ഇതിനായി റെഡ് ലൈനിൽ ഒരു വൈ ജംഗ്ഷൻ സ്ഥാപിച്ചിട്ടുണ്ട്.
ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റിയാണ് (RTA) ഇക്കാര്യം അറിയിച്ചത്. ഇതോടെ റെഡ് ലൈനിൽ ട്രെയിൻ മാറി കയറാതെ തന്നെ രണ്ട് നേരിട്ടുള്ള റൂട്ടുകളിൽ യാത്രാ സേവനം ലഭ്യമാകുന്നതാണ്.
ഇത് നടപ്പിലാകുന്നതോടെ റെഡ് ലൈനിൽ സെന്റർപോയിന്റ് സ്റ്റേഷനിൽ നിന്ന് യു എ ഇ എക്സ്ചേഞ്ച് സ്റ്റേഷൻ, എക്സ്പോ 2020 സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് ജബൽ അലി സ്റ്റേഷനിൽ നിന്ന് ട്രെയിൻ മാറാതെ തന്നെ നേരിട്ട് യാത്ര ചെയ്യുന്നതിനുള്ള സൗകര്യം ലഭിക്കുന്നതാണ്. ഇതുപോലെ തന്നെ യു എ ഇ എക്സ്ചേഞ്ച് സ്റ്റേഷൻ, എക്സ്പോ 2020 സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് സെന്റർപോയിന്റ് സ്റ്റേഷനിലേക്ക് നേരിട്ട് യാത്ര ചെയ്യുന്നതിനും സാധിക്കുന്നതാണ്.
ഏപ്രിൽ 15 മുതൽ സെന്റർപോയിന്റ് സ്റ്റേഷനിൽ നിന്ന് യു എ ഇ എക്സ്ചേഞ്ച് സ്റ്റേഷനിലേക്കും, എക്സ്പോ 2020 സ്റ്റേഷനിലേക്കും ഇടവിട്ട സമയങ്ങളിൽ നേരിട്ടുള്ള മെട്രോ ട്രെയിനുകൾ ഉണ്ടായിരിക്കുന്നതാണ്.
Cover Image: Dubai RTA.