ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ലേക്കുള്ള പ്രവേശനത്തിൽ അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 2024 ഏപ്രിൽ 18-ന് രാവിലെയാണ് വിമാനത്താവള അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം, സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള ഡിപ്പാർച്ചർ ബുക്കിംഗ് ഉള്ള യാത്രികർക്ക് മാത്രമാണ് നിലവിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ലേക്ക് പ്രവേശനം അനുവദിക്കുന്നത്. കനത്ത മഴയെത്തുടർന്ന് തടസം നേരിട്ട വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ സാധാരണരീതിയിലേക്ക് തിരികെ കൊണ്ട് വരുന്നതിന്റെ ഭാഗമായാണ് ഈ നിയന്ത്രണം.
ടെർമിനൽ 1-ലേക്ക് വരുന്നതിന് മുൻപായി ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പ് വരുത്താൻ യാത്രികരോട് വിമാനത്താവള അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്. ടെർമിനൽ 1-ലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണിത്.
നിലവിൽ ടെർമിനൽ 1-ൽ നിന്ന് വിവിധ എയർലൈനുകൾ സേവനങ്ങൾ നൽകിവരുന്നതായി അധികൃതർ വ്യക്തമാക്കി. എന്നാൽ പല വിമാനസർവീസുകളും തടസപ്പെട്ടിട്ടുണ്ടെന്നും, ചില വിമാനങ്ങൾ വൈകിയ സമയക്രമം അനുസരിച്ചാണ് സർവീസ് നടത്തുന്നതെന്നും അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. റീ-ബുക്കിംഗ് സേവനങ്ങൾ നിലവിൽ ടെർമിനലിൽ ലഭ്യമല്ല.
WAM