യു എ ഇ: ആഗോളതലത്തിൽ പ്രാധാന്യമുള്ള ഒമ്പത് പ്രധാന ജൈവവൈവിധ്യ മേഖലകൾ കണ്ടെത്തി

featured GCC News

സുസ്ഥിരതയ്ക്കും പ്രകൃതി സംരക്ഷണത്തിനുമുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധതയിൽ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട് രാജ്യത്ത് ആഗോളതലത്തിൽ പ്രധാനപ്പെട്ട ഒമ്പത് പ്രധാന ജൈവവൈവിധ്യ മേഖലകൾ (KBA – Key Biodiversity Areas) സംബന്ധിച്ച് യു എ ഇ പ്രഖ്യാപനം നടത്തി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

യു എ ഇ മിനിസ്ട്രി ഓഫ് ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവിറോണ്മെന്റാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ആഗോളതലത്തിൽ തന്ത്രപ്രധാനമായ ജൈവ പ്രാധാന്യമുള്ളതും, വംശനാശഭീഷണി നേരിടുന്ന നിരവധി സസ്യങ്ങളുടെയും മൃഗങ്ങളുടെയും ആവാസ കേന്ദ്രവുമാണ് ഈ പ്രധാന ജൈവവൈവിധ്യ മേഖലകൾ.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന യോഗത്തിൽ യു എ ഇ രാഷ്‌ട്രപതി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഈ പദ്ധതി അവലോകനം ചെയ്തു. താഴെ പറയുന്നവയാണ് ഈ ഒമ്പത് പ്രധാന ജൈവവൈവിധ്യ മേഖലകൾ:

  • അബുദാബിയിലെ അറേബ്യൻ ഒറിക്‌സ് സംരക്ഷിത മേഖല.
  • അബുദാബിയിലെ മറാവ മറൈൻ ഏരിയ.
  • അബുദാബിയിലെ അൽ യാസത്ത് മറൈൻ ഏരിയ.
  • ദുബായിലെ അൽ മർമൂം ഡെസേർട്ട് കൺസർവേഷൻ റിസർവ്.
  • ദുബായ് ഡെസേർട്ട് കൺസർവേഷൻ റിസർവ്.
  • ഷാർജയിലെ വാദി അൽ-ഹെലോ.
  • ഷാർജയിലെ ഖോർഫകാൻ, ഷാർക്‌ ദ്വീപുകൾ.
  • റാസൽഖൈമയിലെ വാദി അൽ-ബിഹ്.
  • ഉം അൽ ഖുവൈനിലെ സിനിയ ദ്വീപ്, ഖോർ അൽ ബെയ്.

പാരിസ്ഥിതിക, കാലാവസ്ഥ വെല്ലുവിളികളെ ഫലപ്രദമായി അഭിസംബോധന ചെയ്യുന്നതിനായി പ്രകൃതി അധിഷ്ഠിത പരിഹാരങ്ങൾ നടപ്പിലാക്കുന്നതും, അതിലൂടെ ജൈവവൈവിധ്യം വർദ്ധിപ്പിക്കുന്നതിനുള്ള പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്തുന്നതും ചെയ്യുന്നതിൽ യു എ ഇയുടെ കൈവരിച്ചിട്ടുള്ള ആഗോള നേട്ടങ്ങൾ ഇത് എടുത്തുകാണിക്കുന്നു. ജൈവവൈവിധ്യ മേഖലകളുടെ ലോക ഡാറ്റാബേസിൽ ഈ സൈറ്റുകൾ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭൂമിയെ സംരക്ഷിക്കുന്നതിലും അതിൻ്റെ സുസ്ഥിരത ഉറപ്പാക്കുന്നതിലും നിർണായക പങ്കുവഹിച്ചുകൊണ്ട്, പുരോഗതിയും സമൃദ്ധിയും ഉറപ്പ് വരുത്തി മുന്നോട്ട് പോകുന്നതിൽ യു എ ഇ പ്രതിജ്ഞാബദ്ധമാണെന്ന് കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. അംന ബിൻത് അബ്ദുല്ല അൽ ദഹക്ക് അൽ ഷംസി പറഞ്ഞു.