ദുബായ്: റോഡുകൾക്ക് പേരുകൾ നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകുന്നതായി RTA

featured UAE

എമിറേറ്റിലെ റോഡുകൾക്ക് പേരുകൾ നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. ദുബായിലെ റോഡുകൾക്കും, സ്ട്രീറ്റുകൾക്കും പേരുകൾ നൽകുന്നതുമായി ബന്ധപ്പെട്ട വകുപ്പായ ദുബായ് റോഡ് നെയിമിങ് കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

ഇതിനായി ദുബായ് മുനിസിപ്പാലിറ്റിയുടെ മേൽനോട്ടത്തിൽ സ്ട്രീറ്റ് ഡെസിഗ്നേഷൻ പ്രൊപോസൽ എന്ന പേരിലുള്ള ഒരു സംവിധാനം പ്രവർത്തിക്കുന്നത് ആരംഭിച്ചിട്ടുണ്ട്. ദുബായിലുടനീളമുള്ള റോഡുകൾക്കും തെരുവുകൾക്കും പേരുകൾ നിർദ്ദേശിക്കുന്നതിൽ പൊതുജന പങ്കാളിത്തം സാധ്യമാക്കാനാണ് ഈ പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നത്.

നഗരത്തിലുടനീളമുള്ള തെരുവുകൾക്കും റോഡുകൾക്കും പേരുകൾ നിർദ്ദേശിക്കാൻ പൊതുജനങ്ങളെ അനുവദിക്കുന്ന ഒരു ഡിജിറ്റൽ സംവിധാനമായാണ് പുതിയ പ്ലാറ്റ്ഫോം പ്രവർത്തിക്കുന്നത്. അറബിക്, ഇസ്‌ലാമിക് ഡിസൈൻ, കല, സംസ്‌കാരം, അറബി കവിതാ രചന, പ്രകൃതി പ്രതിഭാസങ്ങൾ, പ്രാദേശിക സസ്യങ്ങൾ, മരങ്ങൾ, പൂക്കൾ, കടൽ, കാട്ടുചെടികൾ, പക്ഷികൾ, പരിസ്ഥിതി സുസ്ഥിരത എന്നിവയുൾപ്പെടെയുള്ള പ്രത്യേക വർഗ്ഗീകരണങ്ങളെ അടിസ്ഥാനമാക്കി പേരുകൾ നിർദ്ദേശിക്കുന്നതിനുള്ള ഒരു രീതി കമ്മിറ്റി വിഭാവനം ചെയ്തിട്ടുണ്ട്.

https://roadsnaming.ae എന്ന ലിങ്ക് വഴിയാണ് പൊതുജനങ്ങൾക്ക് പേര് നിർദ്ദേശിക്കാൻ കഴിയുക. പ്രാദേശിക മരങ്ങൾ, ചെടികൾ, പൂക്കൾ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അൽ-ഖവാനീജ് 2 ഏരിയയിലെ റോഡുകൾക്ക് പേരിടുന്നതിനുള്ള പരീക്ഷണ ഘട്ടം കമ്മിറ്റി പൂർത്തിയാക്കിയിട്ടുണ്ട്.

ഗഫ് സ്ട്രീറ്റ്, സിദ്ർ, റീഹാൻ, ഫാഗി, സമീർ, ഷെരീഷ് എന്നിവയുൾപ്പെടെയുള്ള റോഡുകളുടെ പേരിടൽ ഈ പരീക്ഷണ ഘട്ടത്തിൽ ഉൾപ്പെടുന്നു.