ദുബായ്: വാഹനങ്ങളുടെ ടയറുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 23000-ൽ പരം പരിശോധനകൾ നടത്തിയതായി RTA

GCC News

എമിറേറ്റിലെ റോഡുകളിലൂടെ സഞ്ചരിക്കുന്ന ട്രക്കുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങളുടെ ടയറുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 2024-ലെ ആദ്യ പകുതിയിൽ 23050 പരിശോധനകൾ നടത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2024 സെപ്റ്റംബർ 5-നാണ് RTA ഇക്കാര്യം അറിയിച്ചത്.

ഈ പരിശോധനകളുടെ ഭാഗമായി ഡ്രൈവർമാരിൽ ടയർ സുരക്ഷാ മാനദണ്ഡങ്ങൾ, പൊതു സുരക്ഷയിൽ ഇതിനുള്ള പ്രാധാന്യം തുടങ്ങിയവയെക്കുറിച്ച് അവബോധം നൽകിയതായി RTA വ്യക്തമാക്കി. ദുബായിലെ റോഡുകളിലെ സുരക്ഷ വളർത്തുന്നതിനായി RTA നിരന്തരമായി നടത്തുന്ന പരിശ്രമങ്ങളുടെ ഭാഗമായാണ് ഈ പരിശോധനകൾ.

Source: Dubai Media Office.

RTA-യുടെ കീഴിലുള്ള ലൈസൻസിങ് ആക്ടിവിറ്റീസ് മോണിറ്ററിങ് വകുപ്പ്, ട്രാഫിക് വകുപ്പ്, കോണ്ടിനെന്റൽ ടയർ കമ്പനി എന്നിവർ സംയുക്തമായാണ് ഈ പരിശോധനകൾ നടത്തുന്നത്. ട്രക്കുകളും, വലിയ വാഹനങ്ങളും കൂടുതലായി സഞ്ചരിക്കുന്ന അൽ മക്തൂം എയർപോർട്ട് റോഡ്, ദുബായ് – അൽ ഐൻ റോഡ്, റാസ് അൽ ഖോർ റോഡ്, മുഹമ്മദ് ബിൻ സായിദ് റോഡ്, ലേഹ്ബാബ് റോഡ് എന്നീ റോഡുകളിലായാണ് ഈ പരിശോധനകൾ നടത്തിയത്.