ഇന്ത്യ – യു എ ഇ ബിസിനസ് ഫോറത്തിൽ അബുദാബി കിരീടാവകാശി പങ്കെടുത്തു

GCC News

മുംബൈയിൽ വെച്ച് നടന്ന ഇന്ത്യ – യു എ ഇ ബിസിനസ് ഫോറത്തിൽ അബുദാബി കിരീടാവകാശി H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു. 2024 സെപ്റ്റംബർ 10-നായിരുന്നു ഇന്ത്യ – യു എ ഇ ബിസിനസ് ഫോറം അരങ്ങേറിയത്.

ഉഭയകക്ഷി സാമ്പത്തിക വളർച്ച ലക്ഷ്യമിടുന്ന വിവിധ കരാറുകളും പദ്ധതികളും ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, വ്യവസായികൾ, സംരംഭകർ തുടങ്ങിയവർ ഈ പരിപാടിയിൽ പങ്കെടുത്തു.

Source: Abu Dhabi Media Office.

ഇന്ത്യൻ വാണിജ്യ, വ്യവസായ വകുപ്പ്, യു എ ഇ സാമ്പത്തിക വകുപ്പ്, ഇന്ത്യയിലെ യു എ ഇ എംബസി എന്നിവർ സംയുക്തമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ‘ബിയോണ്ട് സിഇപിഎ: ഇന്നൊവേഷൻ ആൻഡ് ഫ്യൂച്ചർ-റെഡി എക്കണോമിസ്’ എന്ന പ്രമേയത്തിലായിരുന്നു ഇന്ത്യ-യുഎഇ ബിസിനസ് ഫോറം സംഘടിപ്പിച്ചത്.

Source: Abu Dhabi Media Office.

ഇരുരാജ്യങ്ങളുടെയും സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിൽ ഇന്ത്യ – യു എ ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) വഹിച്ചിട്ടുള്ള പങ്ക് അബുദാബി കിരീടാവകാശി ചൂണ്ടിക്കാട്ടി. ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് യു എ ഇ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇരുരാജ്യങ്ങൾക്കിടയിലുമുള്ള വ്യാപാരം മെച്ചപ്പെടുത്തുന്നതിനും, വിപണികളിലേക്ക് കൂടുതൽ എളുപ്പത്തിൽ പ്രവേശനം ഉറപ്പാക്കുന്നതിനുമായി തടസ്സമില്ലാത്ത ഒരു വാണിജ്യ സൗഹൃദ ആവസവസ്ഥ രൂപപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു.

ആരോഗ്യ സംരക്ഷണം, ബയോടെക്‌നോളജി, പുനരുപയോഗിക്കാവുന്ന ഊർജം, സുസ്ഥിരത, എഐ, ലോജിസ്റ്റിക്‌സ്, വിതരണ ശൃംഖല, കാർഷിക സാങ്കേതികവിദ്യ എന്നിവയുടെ സാധ്യതകളിൽ ഫോറം ശ്രദ്ധ കേന്ദ്രീകരിച്ചു.

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി അബുദാബി കിരീടാവകാശി H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 2024 സെപ്റ്റംബർ 8, ഞായറാഴ്ച ഇന്ത്യയിലെത്തിയിരുന്നു.