യു എ ഇയിൽ ഡ്രോൺ സർട്ടിഫിക്കേഷനായി പുതിയ നിയമം

GCC News

ഡ്രോൺ വ്യോമയാന സേവനദാതാക്കളുടെ സർട്ടിഫിക്കേഷനുള്ള ആദ്യത്തെ ദേശീയ ചട്ടം യു എ ഇയിൽ അവതരിപ്പിച്ചു. യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് (GCAA) ഈ ചട്ടം അവതരിപ്പിച്ചിരിക്കുന്നത്.

എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സി എ ആർ എ​യ​ർ​​സ്​​പേ​സ്​ ​പാ​ർ​ട്ട്​ യു​സ്​​പേ​സ് (CAR Airspace Part Uspace) എന്നറിയപ്പെടുന്ന ഈ പുതിയ നിയമം ഡ്രോൺ സേവന ദാതാക്കൾക്കായി കർശനമായ പ്രവർത്തന, സുരക്ഷാ മാനദണ്ഡങ്ങൾ നിർദ്ദേശിക്കുന്ന ഒരു സമഗ്രമായ ചട്ടക്കൂടാണ്.

കരാർ, പരിശീലനം, ഗുണനിലവാരം ഉറപ്പാക്കൽ, സുരക്ഷ, ഭാവി പദ്ധതി തയ്യാറാക്കൽ, ഓഡിറ്റിംഗ്, സർട്ടിഫിക്കേഷൻ തുടങ്ങി ഡ്രോൺ വ്യോമയാന സേവന ദാതാക്കളുടെ സർട്ടിഫിക്കേഷനിലെ എല്ലാ പ്രധാന ഘട്ടങ്ങളും ഈ ചട്ടം ഉൾകൊള്ളുന്നു. നിലവിലുള്ള വ്യോമയാന ആവാസവ്യവസ്ഥയിലേക്ക് ഡ്രോൺ പ്രവർത്തനങ്ങളെ തടസ്സമില്ലാതെ സംയോജിപ്പിക്കുക, ഡ്രോണുകൾക്ക് പ്രത്യേക എയർ നാവിഗേഷൻ സേവനങ്ങൾ നൽകുന്ന ലൈസൻസുള്ള സ്ഥാപനങ്ങൾ വഴി ഏകീകൃതവും കാര്യക്ഷമവും സുരക്ഷിതവുമായ ഒരു വ്യോമാതിർത്തി ഉറപ്പാക്കുക തുടങ്ങിയവ ഇതിന്റെ ലക്ഷ്യങ്ങളാണ്.

“ഡ്രോൺ മേഖലയിലെ നിയന്ത്രണം മാത്രമല്ല; വ്യോമയാന മേഖലയിലെ സുരക്ഷ, കാര്യക്ഷമത, നവീകരണം എന്നിവയോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ് ഇത്,” GCAA ഡയറക്ടർ ജനറൽ സെയ്ഫ് മുഹമ്മദ് അൽ സുവൈദി വ്യക്തമാക്കി. “ഡ്രോൺ പ്രവർത്തനങ്ങൾ സമീപഭാവിയിൽ ഇരട്ടിയാകാൻ പോകുന്നതിനാൽ, ഈ മുൻകരുതൽ നിയന്ത്രണ ചട്ടക്കൂട് തടസ്സമില്ലാത്ത ഡ്രോൺ-വാണിജ്യ വ്യോമയാന സംയോജനത്തിന് ഒരു മാതൃകയായി വർത്തിക്കും, വ്യോമയാന വ്യവസായത്തിലെ ഒരു പ്രാദേശിക നേതാവെന്ന നിലയിൽ യുഎഇയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

നൂതന ഡ്രോൺ സാങ്കേതികവിദ്യകൾ യു എ ഇ വ്യോമാതിർത്തിയിൽ സുരക്ഷിതമായി സംയോജിപ്പിക്കുന്നതിന് ഈ നിയന്ത്രണം പ്രധാനമാണെന്ന് വ്യോമയാന സുരക്ഷാ കാര്യങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ അഖീൽ അഹമ്മദ് അൽ സറൂണി ഊന്നിപ്പറഞ്ഞു. വ്യക്തമായ സർട്ടിഫിക്കേഷൻ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നതിലൂടെ, വ്യവസായ വളർച്ചയെ പിന്തുണയ്ക്കുകയും നൂതന വ്യോമയാന രീതികളിൽ ഒരു പ്രാദേശിക നേതാവെന്ന നിലയിൽ യു എ ഇയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുമ്പോൾ ഉയർന്ന സുരക്ഷയും പ്രൊഫഷണലിസവും ഇത് ഉറപ്പാക്കുന്നവെന്ന്, അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡ്രോൺ സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള പരിണാമത്തോടെ, ആളില്ലാ വിമാനങ്ങൾക്കായുള്ള വ്യോമാതിർത്തി ആവശ്യം അഭൂതപൂർവമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വരും വർഷങ്ങളിൽ, സാങ്കേതിക പുരോഗതിയും സ്വയംഭരണ ആകാശ സംവിധാനങ്ങളെ ആശ്രയിക്കുന്നതും യുഎഇയിലുടനീളമുള്ള ഡ്രോൺ പ്രവർത്തനങ്ങളുടെ എണ്ണം ഇരട്ടിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു.