കുവൈറ്റ്: പുതുക്കിയ ട്രാഫിക് നിയമങ്ങൾ പ്രാബല്യത്തിൽ വന്നു

GCC News

രാജ്യത്തെ ഭേദഗതി ചെയ്ത ട്രാഫിക് നിയമങ്ങൾ 2025 ഏപ്രിൽ 22, ചൊവാഴ്ച മുതൽ കുവൈറ്റിൽ പ്രാബല്യത്തിൽ വന്നു. 2025 ഏപ്രിൽ 22-ന് പുലർച്ചെയാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ട്രാഫിക് നിയമലംഘനങ്ങൾക്ക് കൂടുതൽ കർശനമായ ശിക്ഷാ നടപടികൾ ഉറപ്പ് വരുത്തുന്ന രീതിയിലാണ് ഈ നിയമങ്ങൾ ഭേദഗതി ചെയ്തിരിക്കുന്നത്. ഇതിനാൽ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കാൻ മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

റോഡ് സുരക്ഷ ഉറപ്പ് വരുത്തുന്നത് ലക്ഷ്യമിട്ടാണ് കുവൈറ്റ് ട്രാഫിക് നിയമങ്ങൾ ഭേദഗതി ചെയ്‌തിരിക്കുന്നത്‌. ഈ പുതിയ നിയമ പ്രകാരം ട്രാഫിക് നിയമലംഘനങ്ങൾക്ക് 15 മുതൽ 10000 ദിനാർ വരെ പിഴചുമത്തുന്നതിനും, ഗുരുതരമായ നിയമലംഘനങ്ങൾക്ക് തടവ് ശിക്ഷ ചുമത്തുന്നതിനും ഉൾപ്പടെയുള്ള വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് 2025 ഏപ്രിൽ 22 മുതൽ രാജ്യത്ത് വിവിധ ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാരെ അറസ്റ്റ് ചെയ്യാൻ പൊലീസിന് അധികാരം നൽകിയിട്ടുണ്ട്. ഇത് പ്രകാരം റോഡുകളിൽ 12 തരത്തിലുള്ള നിയമലംഘനങ്ങൾ നടത്തുന്ന വ്യക്തികളെ അറസ്റ്റ് ചെയ്യുന്നതിന് കുവൈറ്റിലെ പോലീസ് ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടായിരിക്കും.

ഈ പുതിയ നിയമപ്രകാരം കുവൈറ്റ് പോലീസ് സേനയിലെ മുഴുവൻ അംഗങ്ങൾക്കും ഇത്തരം നിയമലംഘകരെ അറസ്റ്റ് ചെയ്യുന്നതിന് അധികാരമുണ്ടായിരിക്കുന്നതാണ്.

2025 ഏപ്രിൽ 22 മുതൽ കുവൈറ്റിൽ താഴെ പറയുന്ന ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്നവരെ പോലീസ് അറസ്റ്റ് ചെയ്യുന്നതാണ്:

  • മദ്യം, മയക്ക് മരുന്ന്, മറ്റു ലഹരി പദാർത്ഥങ്ങൾ എന്നിവ ഉപയോഗിച്ച് വാഹനങ്ങൾ ഡ്രൈവ് ചെയ്യുക.
  • പരുക്ക്, മരണം എന്നിവയിലേക്ക് നയിക്കുന്ന ട്രാഫിക് അപകടങ്ങൾക്കിടയാക്കുക.
  • ട്രാഫിക് നിയമങ്ങൾ ലംഘിച്ച് കൊണ്ട് പൊതു നിരത്തുകളിൽ വാഹനങ്ങളുടെ മത്സര ഓട്ടങ്ങൾ നടത്തുക.
  • ഒരു വ്യക്തിയുടെ സുരക്ഷ ഹനിച്ച് കൊണ്ടോ, പോലീസ് ഓഫീസർ നിൽക്കാൻ ആവശ്യപ്പെട്ട് കൊണ്ട് നൽകുന്ന ആജ്ഞ ലംഘിച്ച് കൊണ്ടോ ഒരു അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുക.
  • പരമാവധി വേഗപരിധിയിൽ കവിഞ്ഞ് മണിക്കൂറിൽ അമ്പത് കിലോ മീറ്റർ വേഗതയിൽ വാഹനമോടിക്കുക.
  • അനുവാദമില്ലാത്ത ഇടങ്ങളിൽ ബഗ്ഗികൾ പോലുള്ള വാഹനങ്ങൾ ഓടിക്കുക.
  • റെഡ് ലൈറ്റ് ലംഘിക്കുക.
  • ഒരു വാഹനത്തിന് നിശ്ചയിച്ചിട്ടുള്ളതല്ലാത്തതായ കാര്യങ്ങൾക്ക് വാഹനം ഉപയോഗിക്കുക.
  • പ്രത്യേക പെർമിറ്റ് ഇല്ലാതെ ഫീസ് ഈടാക്കി കൊണ്ട് യാത്രാ സേവനങ്ങൾ നൽകുക.
  • വ്യക്തികൾക്കോ, വസ്തുക്കൾക്കോ അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള തരത്തിൽ അശ്രദ്ധമായും, അപകടകരമായും വാഹനമോടിക്കുക.
  • സാധുതയുള്ള ഡ്രൈവിംഗ് ലൈസൻസ് കൂടാതെ വാഹനമോടിക്കുക, റദ്ദാക്കിയതോ, കാലാഹരണപ്പെട്ടതോ ആയ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കുക, ലൈസൻസിൽ അനുവദിച്ചിട്ടുള്ളതല്ലാത്ത വിഭാഗത്തിൽപ്പെടുന്ന വാഹനമോടിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ നടത്തുക.
  • ജനറൽ ട്രാഫിക് വകുപ്പിൽ നിന്ന് അനുവദിച്ചിട്ടുള്ള സാധുതയുള്ള ലൈസൻസ് പ്ലേറ്റ് ഇല്ലാത്ത വാഹനങ്ങൾ ഓടിക്കുക.

ഇതിന് പുറമെ വിവിധ നിയമലംഘനങ്ങൾക്ക് ചുമത്തുന്ന പിഴതുകകൾ വർദ്ധിപ്പിക്കുന്നതിനും കുവൈറ്റ് അധികൃതർ തീരുമാനിച്ചിട്ടുണ്ട്. കുവൈറ്റിലെ റോഡുകളിലെ അശ്രദ്ധമായ ഡ്രൈവിംഗ് ശീലങ്ങൾ ഒഴിവാക്കുന്നതിനും, അതിലൂടെ റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നു.

നിയമങ്ങളിലെ ഭേദഗതി പ്രകാരം പുതുക്കിയ പിഴ തുകകൾ:

  • സിഗ്നലുകളിൽ റെഡ് ലൈറ്റ് മറികടക്കുന്നവർക്ക് 150 ദിനാർ പിഴ ചുമത്തും. നേരത്തെ ഇത് 50 ദിനാറായിരുന്നു.
  • വികലാംഗർക്കായി നിജപ്പെടുത്തിയിട്ടുള്ള പാർക്കിംഗ് ഇടങ്ങളിൽ അനധികൃതമായി പാർക്ക് ചെയ്യുന്നവർക്ക് 150 ദിനാർ പിഴ ചുമത്തും. നേരത്തെ ഇത് 10 ദിനാറായിരുന്നു.
  • വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് 75 ദിനാർ പിഴ ചുമത്തും. നേരത്തെ ഇത് 5 ദിനാറായിരുന്നു.
  • സീറ്റ് ബെൽറ്റ് കൂടാതെ വാഹനമോടിക്കുന്നവർക്ക് 30 ദിനാർ പിഴ ചുമത്തും. നേരത്തെ ഇത് 10 ദിനാറായിരുന്നു.
  • അശ്രദ്ധമായി വാഹനമോടിക്കുന്നവർക്ക് 150 ദിനാർ പിഴ ചുമത്തും. നേരത്തെ ഇത് 30 ദിനാറായിരുന്നു.

ഗുരുതരമായ ഏതാനം ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴയ്ക്ക് പുറമെ തടവ് ശിക്ഷ ഉൾപ്പടെ ചുമത്തുന്നതിനും അധികാരം നൽകിയിട്ടുണ്ട്. ഇതിനാൽ ഇത്തരം നിയമലംഘനങ്ങൾ ബന്ധപ്പെട്ട കോടതികളിലേക്ക് റിപ്പോർട്ട് ചെയ്യുന്നതാണ്.

മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ച് വണ്ടിയോടിക്കുന്നവർക്ക് 3000 ദിനാർ വരെ പിഴ ചുമത്തും. ഇവർക്ക് ഇതിന് പുറമെ രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ്.

ഇത്തരത്തിൽ ലഹരിയുടെ സ്വാധീനത്തിൽ വാഹനമോടിച്ച് കൊണ്ട് പൊതു, സ്വകാര്യ സ്വത്തുക്കൾക്ക് കേടുപാടുകൾ വരുത്തുന്നവർക്ക് 2000 മുതൽ 3000 ദിനാർ വരെ പിഴയും ഒന്ന് മുതൽ മൂന്ന് വർഷം വരെ പിഴയും ലഭിക്കുന്നതാണ്. ഇത്തരം വാഹനാപകടങ്ങളിൽ മരണം, പരിക്ക് എന്നിവയ്ക്ക് ഇടയാക്കുന്നവർക്ക് 2000 മുതൽ 5000 ദിനാർ വരെ പിഴ ചുമത്തുന്നതും, പരമാവധി അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതുമാണ്.