ദുബായിലെ അണുനശീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് താത്കാലികമായി നിർത്തിവെച്ചിരുന്ന പാസ്പോർട്ട് സേവനങ്ങൾ ഭാഗികമായി പുനരാരംഭിച്ചതായി ഇന്ത്യൻ കോൺസുലേറ്റ് ഏപ്രിൽ 14-നു അറിയിച്ചു. നിലവിൽ ദുബായിലെ COVID-19 പ്രതിരോധ നടപടികളുടെ ഭാഗമായി എല്ലാ BLS സേവനകേന്ദ്രങ്ങളും താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്.
അടിയന്തിര പാസ്പോർട്ട് സേവനങ്ങൾ ആവശ്യമുള്ളവർക്കായി, ദുബായിൽ നിലവിലുള്ള യാത്രാ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് കൊണ്ട്, ഷാർജയിൽ പ്രവർത്തിക്കുന്ന ഒരു BLS കേന്ദ്രത്തിലൂടെയായിരിക്കും ഈ താത്ക്കാലിക സേവനം നടപ്പിലാക്കുക എന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചിട്ടുണ്ട്. ഓഫീസ് No. 11, മെസനൈൻ ഫ്ലോർ, അബ്ദുൽ അസീസ് മജീദ് ബിൽഡിങ്ങ്, കിംഗ് ഫൈസൽ സ്ട്രീറ്റ്, ഷാർജ (Office no 11, mezzanine floor, Abdul Aziz Majid Building, King Faisal Street) എന്ന വിലാസത്തിൽ പ്രവർത്തിക്കുന്ന ഷാർജ BLS കേന്ദ്രത്തിൽ നിന്നാണ് ഏപ്രിൽ 15, ബുധനാഴ്ച്ച മുതൽ ഈ സേവനം ലഭ്യമാകുക.
ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ, നിലവിൽ പാസ്പോർട്ട് കാലാവധി അവസാനിച്ചവർക്കും, ഏപ്രിൽ 30, 2020-തിനു മുൻപ് കാലാവധി തീരുന്ന പാസ്പോർട്ടുകൾക്കും, മാത്രമായിരിക്കും സേവനം ലഭ്യമാകുക.
എങ്ങിനെ ഈ സേവനത്തിലൂടെ അടിയന്തിരമായി പാസ്സ്പോർട്ട് പുതുക്കാം?
- ഇത്തരത്തിൽ അടിയന്തിരമായി പാസ്സ്പോർട്ട് പുതുക്കാനുള്ള സേവനം ആവശ്യമുള്ളവർ passport.dubai@mea.gov.in എന്ന വിലാസത്തിലേക്ക് അടിയന്തിരമായി ആവശ്യമുള്ള സേവനം സംബന്ധിച്ച വിവരങ്ങളും പാസ്സ്പോർട്ടിന്റെ കോപ്പിയും ഉൾപ്പടെ ഇമെയിൽ അയക്കേണ്ടതാണ്.
- ഇവ പരിശോധിച്ച ശേഷം അപേക്ഷകന് ഷാർജ BLS സേവനകേന്ദ്രത്തിൽ നേരിട്ട് എത്തുന്നതിനുള്ള സമയ വിവരങ്ങൾ അടങ്ങിയ സന്ദേശം കോൺസുലേറ്റ് അയക്കുന്നതാണ്.
- ഈ സന്ദേശം ലഭിക്കുന്ന അപേക്ഷകൻ ഓൺലൈനിലൂടെ ആവശ്യമായ വിവരങ്ങളെല്ലാം പൂരിപ്പിക്കുകയും ആവശ്യമായ രേഖകൾ ഓൺലൈനിൽ അപ്ലോഡ് ചെയ്യുകയും വേണം. അതിനു ശേഷം കോൺസുലേറ്റ് സന്ദേശത്തിലൂടെ അനുവദിച്ചിട്ടുള്ള സമയത്ത് നേരിട്ട് ഹാജരാകേണ്ടതാണ്.