അബുദാബി: ഈദുൽ അദ്ഹ വേളയിലെ പൊതു സുരക്ഷ സംബന്ധിച്ച അറിയിപ്പ്

GCC News

എമിറേറ്റിൽ ഈദുൽ അദ്ഹ വേളയിൽ പൊതു സുരക്ഷ ഉറപ്പാക്കുന്നതിനായി പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ച് അബുദാബി അധികൃതർ ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി. 2025 ജൂൺ 5-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി, അബുദാബി പോലീസ് ഹെഡ്ക്വാർട്ടേഴ്‌സ് എന്നിവർ സംയുക്തമായാണ് ഈ അറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഈദുൽ അദ്ഹ വേളയിലെ ആഘോഷങ്ങൾക്കിടയിൽ പാലിക്കേണ്ടതായ മുൻകരുതൽ നിർദ്ദേശങ്ങളാണിവ.

ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന കാര്യങ്ങളിൽ ജാഗ്രത പുലർത്താൻ പൊതുജനങ്ങളോട് അബുദാബി അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്:

  • വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്ന അവസരങ്ങളിൽ ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതാണ്.
  • അമിതവേഗത്തിലുള്ള ഡ്രൈവിംഗ് ശീലങ്ങൾ ഒഴിവാക്കേണ്ടതാണ്.
  • അടിയന്തിര സേവനങ്ങൾ നൽകുന്ന വാഹനങ്ങൾക്ക് മാർഗ്ഗതടസ്സം സൃഷ്ടിക്കുന്ന രീതിയിലുള്ള ഡ്രൈവിംഗ് ശീലങ്ങൾ ഒഴിവാക്കേണ്ടതാണ്.
  • അശ്രദ്ധമായ ഡ്രൈവിംഗ് രീതികൾ, സാഹസികമായ ഡ്രൈവിംഗ് ശൈലികൾ എന്നിവ ഒഴിവാക്കേണ്ടതാണ്.
  • കരിമരുന്നിന്റെ ഉപയോഗം ഒഴിവാക്കേണ്ടതാണ്.
  • ചാർജറുകൾ, എക്സ്റ്റൻഷൻ കേബിളുകൾ, മറ്റു ഇലൿട്രോണിക് ഉപകരണങ്ങൾ എന്നിവ ശ്രദ്ധയോടെ ഉപയോഗിക്കേണ്ടതാണ്. ഇവ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നിർമിച്ചവയാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
  • കുട്ടികൾ റോഡുകളിലോ, റോഡരികുകളിലോ കളിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അവർ റോഡ് മുറിച്ച് കടക്കുന്ന അവസരങ്ങളിൽ മുതിർന്നവരുടെ മേൽനോട്ടം ഉറപ്പ് വരുത്തുക.
  • ബാർബിക്യൂ ഒരുക്കുന്നതിനായി തുറന്നതും, സുരക്ഷിതമായതുമായ ഇടങ്ങൾ തിരഞ്ഞെടുക്കേണ്ടതാണ്. ബാർബിക്യൂ ഒരുക്കിയ ശേഷം കൽക്കരി, വിറക് മുതലായവയിലെ തീ പൂർണ്ണമായും കെടുത്താൻ ശ്രദ്ധിക്കേണ്ടതാണ്.
  • അടിയന്തിര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് 999 എന്ന നമ്പറിൽ അധികൃതരുമായി ബന്ധപ്പെടാവുന്നതാണ്.