ഒമാൻ: വിദേശ കപ്പലുകൾ പാലിക്കേണ്ട നിബന്ധനകൾ സംബന്ധിച്ച അറിയിപ്പ്

GCC News

ഒമാൻ്റെ സമുദ്രാതിർത്തിയിൽ പ്രവർത്തിക്കുന്ന വിദേശ കപ്പലുകൾക്കും, സമുദ്രയാന വിഭാഗങ്ങൾക്കും ബാധകമാക്കിയിട്ടുള്ള നിബന്ധനകൾ സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി. 2026 ഒക്ടോബർ 1-നാണ് ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഒമാൻ സമുദ്രാതിർത്തിയിൽ പ്രവേശിക്കുന്ന വിദേശ കപ്പലുകൾക്ക് ഏതാനം സുരക്ഷാ-പ്രവർത്തന നിബന്ധനകൾ നിശ്ചയിച്ചിട്ടുണ്ടെന്ന് ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ ചൂണ്ടിക്കാട്ടി.

ഇതിൽ, കപ്പലുകളുടെ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം (AIS) തുടർച്ചയായി പ്രവർത്തനസജ്ജമാക്കി നിലനിർത്തുന്നത് ഉൾപ്പെടെയുള്ള നിബന്ധനകൾ ഉണ്ടെന്നും, ഇവ നിർബന്ധമായും പാലിക്കണമെന്നും ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ കൂട്ടിച്ചേർത്തു.

ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകൾ പ്രകാരം, ഒമാനിലെ ഒരു സമുദ്ര തുറമുഖത്തെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമല്ലാതെ വിദേശ കപ്പലുകൾ നിർത്താൻ പാടില്ലെന്നും, കപ്പലുകൾ തങ്ങളുടെ ലൈസൻസിൽ അനുവദിച്ചിട്ടുള്ള സ്ഥാനങ്ങളും ബാധകമായ സമുദ്ര നിയമങ്ങളും പാലിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഒമാൻ്റെ സമുദ്രാതിർത്തിയിൽ പ്രവർത്തിക്കുന്ന വിദേശ കപ്പലുകൾക്കും, സമുദ്രയാന വിഭാഗങ്ങൾക്കും താഴെ പറയുന്ന നിബന്ധനകൾ ബാധകമാകുന്നതാണ്:

  • ഔദ്യോഗിക അനുമതി ലഭിച്ചതിന് ശേഷം മാത്രം സുരക്ഷിതമോ നിയന്ത്രിതമോ ആയ പ്രദേശങ്ങളിൽ പ്രവേശിക്കുക.
  • ആയുധങ്ങളും വെടിക്കോപ്പുകളും സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുകയും ആവശ്യമായ ലൈസൻസുകൾ നേടുകയും ചെയ്യുക.
  • രാജ്യത്തെ പൊതു-സ്വകാര്യ സ്വത്തുക്കളുടെ ചിത്രങ്ങൾ പകർത്തുന്നതിൽ നിന്ന് വിട്ടുനിൽക്കുക.
  • ഒമാൻ്റെ സമുദ്രാതിർത്തിയിലായിരിക്കുമ്പോൾ AIS പ്രവർത്തനക്ഷമമായി നിലനിർത്തുക.