പൊതുഇടങ്ങളിലും മറ്റും ആയുധങ്ങൾ കൈവശം വെക്കുന്നത് സംബന്ധിച്ച നിയമങ്ങളിൽ മാറ്റം വരുത്താൻ കുവൈറ്റ് തീരുമാനിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ ആയുധ നിയമം കുവൈറ്റ് ഭേദഗതി ചെയ്തതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ ഭേദഗതി പ്രകാരം പൊതു ഇടങ്ങളിലും മറ്റും ആയുധങ്ങൾ കൈവശം വെക്കുന്നവർക്കെതിരെ ഒരു വർഷം തടവും, പിഴയും ഉൾപ്പടെ ശക്തമായ ശിക്ഷാനടപടികൾ സ്വീകരിക്കുന്നതിനുള്ള വ്യവസ്ഥകൾ നിയമത്തിൽ ഉൾപ്പെടുത്തിയതായാണ് സൂചന.
പതിറ്റാണ്ടുകൾ പഴക്കമുള്ള ആയുധനിയമമാണ് കുവൈറ്റ് ഈ തീരുമാനത്തിലൂടെ ഭേദഗതി ചെയ്തിരിക്കുന്നത്. ഇത് പ്രകാരം ഇനി മുതൽ കുവൈറ്റിൽ പൊതുഇടങ്ങളിൽ തോക്കുകൾക്ക് പുറമെ എയർ ഗൺ, കത്തികൾ തുടങ്ങിയ ആയുധങ്ങൾ കൈവശം വെക്കുന്നതും കുറ്റകരമാകുന്നതാണ്.
ഈ ഭേദഗതി പ്രകാരം കത്തികൾ, മൂർച്ചയേറിയ ആയുധങ്ങൾ, നീളമുള്ള അരിവാൾ, ആയുധമായി ഉപയോഗിക്കാവുന്ന മൂർച്ചയില്ലാത്ത വസ്തുക്കൾ, ഹൈ കാലിബർ എയർ ഗൺ മുതലായവയുടെ ലൈസൻസ് കൂടാതെയുള്ള ഉപയോഗം വിലക്കിയിട്ടുണ്ട്. പൊതുഇടങ്ങൾ, ആൾക്കൂട്ടങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, മാർക്കറ്റുകൾ, പൊതുഗതാഗത സംവിധാനങ്ങൾ, ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ഈ വിലക്ക് ബാധകമാകുന്നതാണ്.
ഇത്തരം ഇടങ്ങളിൽ അനുമതി ഇല്ലാതെ മേൽപ്പറഞ്ഞ ആയുധങ്ങൾ കൈവശം കരുതുന്നവർക്ക് 1000 ദിനാർ പിഴ, ഒരു വർഷം വരെ തടവ് എന്നിവ ശിക്ഷയായി ലഭിക്കുന്നതാണ്. മറ്റുള്ളവരെ ഇത്തരം ആയുധങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നവർക്ക് രണ്ട് വർഷം വരെ തടവ് ലഭിക്കുന്നതാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ലൈസൻസ് കൂടാതെ ഇത്തരം ആയുധങ്ങൾ വില്പനനടത്തുന്നവർക്കും, കുവൈറ്റിലേക്ക് ഇറക്കുമതി ചെയ്യുന്നവർക്കും അയ്യായിരം ദിനാർ വരെ പിഴ ചുമത്തുന്നതാണ്. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്ന വാണിജ്യശാലകൾ താത്കാലികമായി അടച്ച് പൂട്ടുന്നതിനും, ലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി ശിക്ഷ നല്കുന്നതിനുമുള്ള വ്യവസ്ഥകൾ ഈ ഭേദഗതി ചെയ്ത നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

