സൗദി അറേബ്യ: രചയിതാവിന്റെ അനുമതിയില്ലാതെ കവിതകൾ പങ്ക് വെക്കുന്നവർക്ക് പിഴ ചുമത്തും

featured GCC News

രചയിതാവിന്റെ അനുമതിയില്ലാതെ സാമൂഹിക മാധ്യമങ്ങളിലും മറ്റും കവിതകൾ പങ്ക് വെക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അധികൃതർ അറിയിച്ചു. സൗദി അതോറിറ്റി ഫോർ ഇന്റലെക്ച്വൽ പ്രോപർട്ടിയാണ് ഇത്തരം ഒരു മുന്നറിയിപ്പ് നൽകിയത്.

എഴുത്തുകാരന്റെ അനുമതിയില്ലാതെ കവിതകൾ ഉൾപ്പടെയുള്ള സാഹിത്യ സൃഷ്ടികൾ പ്രസിദ്ധീകരിക്കുന്നതും, അവതരിപ്പിക്കുന്നതും പകർപ്പവകാശ നിയമങ്ങളുടെ ലംഘനമാണെന്ന് സൗദി അതോറിറ്റി ഫോർ ഇന്റലെക്ച്വൽ പ്രോപർട്ടി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം പ്രവർത്തികൾ പിഴ ഉൾപ്പടെയുള്ള ശിക്ഷാ നടപടികളിലേക്ക് നയിക്കുമെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു.

രചയിതാവിന്റെ അനുമതിയില്ലാതെ അദ്ദേഹത്തിന്റെ ഒരു കവിത ഒരു വ്യക്തി തന്റെ സ്വകാര്യ സാമൂഹിക മാധ്യമ ചാനലിൽ വാണിജ്യ പ്രവർത്തികൾ ലക്ഷ്യമിട്ട് പാരായണം ചെയ്തതുമായി ബന്ധപ്പെട്ട് അടുത്തിടെ നടന്ന ഒരു കേസ് ചൂണ്ടിക്കാട്ടിയാണ് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. ഈ കേസിൽ നിയമം ലംഘിച്ച വ്യക്തിക്ക് 5000 റിയാൽ പിഴ ചുമത്തിയതായും, ഇതുമായി ബന്ധപ്പെട്ട പോസ്റ്റ് സാമൂഹിക മാധ്യമത്തിൽ നിന്ന് നീക്കം ചെയ്യാൻ ഉത്തരവിട്ടതായും അതോറിറ്റി വ്യക്തമാക്കി.