കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ സംസ്ഥാനത്ത് വ്യവസായ സ്ഥാപനങ്ങൾക്ക് നാളെ (ഏപ്രിൽ 20) മുതൽ നിയന്ത്രണങ്ങളോടു പ്രവർത്തിക്കാൻ അനുമതി. വ്യവസായ സ്ഥാപനങ്ങളിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ വ്യവസായ വകുപ്പ് പുറത്തിറക്കി.
വ്യവസായ സ്ഥാപനങ്ങളുടെ പരിസരവും വാഹനങ്ങളും ഉപകരണങ്ങളും അണുവിമുക്തമാക്കണം. തൊഴിലാളികൾക്ക് സ്ഥാപനങ്ങളിലേക്ക് സാമൂഹിക അകലം പാലിച്ച് എത്തുവാൻ പ്രത്യേക വാഹന സംവിധാനം ഏർപ്പെടുത്തണം.
സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുവാനും പുറത്തുപോകുവാനും ഒരു വാതിൽ ക്രമീകരിക്കണം. വാതിലുകളിൽ തെർമൽ സ്‌കാനിങ്ങിനുള്ള സംവിധാനം നിർബന്ധമായും ഒരുക്കണം. തൊഴിലിടത്ത് കൃത്യമായ സാമൂഹിക അകലം പാലിക്കണം. തൊഴിലാളികൾ മാസ്‌കുകളും ആവശ്യമെങ്കിൽ കൈയുറകളും ധരിക്കണം. കൃത്യമായ ഇടവേളകളിൽ കൈകൾ സോപ്പുപയോഗിച്ച് കഴുകിയിരിക്കണം.
കൊറോണ വൈറസ് രോഗം ഉൾപ്പെടുന്ന ആരോഗ്യ ഇൻഷുറൻസ് തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിരിക്കണം. ജോലിക്കിടയിലെ ഷിഫ്റ്റകൾ തമ്മിൽ ഒരു മണിക്കൂർ ഇടവേള വേണം. തൊഴിലിടത്ത് പത്തിലധികം പേർ ഒത്തുചേരുന്നത് ഒഴിവാക്കണം. തൊഴിലാളികൾക്കിടയിലെ സീറ്റുകൾ തമ്മിൽ കുറഞ്ഞത് ആറടി അകലമുണ്ടായിരിക്കണം. ലിഫ്റ്റുകളിൽ ഒരു സമയം നാലിൽ കൂടുതൽ പേരെ പ്രവേശിപ്പിക്കരുത്. പുറത്തുനിന്നുള്ളവരെ അത്യാവശ്യത്തിനല്ലാതെ സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കരുത്.
തൊഴിലിടത്ത് പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതും പൊതുസ്ഥലങ്ങളിൽ തുപ്പുന്നതും കർശനമായി നിരോധിക്കണം. കോവിഡ് 19ന് ചികിത്സ ലഭ്യമായ സമീപത്തെ ആശുപത്രികളുടെ വിവരം സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കണം. സ്ഥാപനത്തിന്റെ പ്രവർത്തനം സി.സി.ടി.വി യുടെ നിരീക്ഷണത്തിലായിരിക്കണം. വ്യവസായ സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിച്ച് ജില്ലാകളക്ടർമാർക്ക് ഉറപ്പുവരുത്താം. മാനദണ്ഡങ്ങൾ പാലിക്കാതിരുന്നാൽ അത്തരം സ്ഥാപനങ്ങൾക്കുള്ള ഇളവുകൾ പിൻവലിക്കും.