ഒമാൻ: ഡിസംബർ 20 വരെ കനത്ത മഴയ്ക്ക് സാധ്യത

featured GCC News

2025 ഡിസംബർ 20 വരെ രാജ്യത്തിൻറെ വിവിധ പ്രദേശങ്ങളിൽ ഇടവിട്ടുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. 2025 ഡിസംബർ 13-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം 2025 ഡിസംബർ 13 മുതൽ ഡിസംബർ 20 വരെ ഒമാനിൽ വിവിധ മേഖലകളിൽ ഇടവിട്ടുള്ള ശക്തമായ മഴയ്ക്കും, വടക്കൻ കാറ്റിനും സാധ്യതയുണ്ട്. ഇതോടൊപ്പം വിവിധ പ്രദേശങ്ങളിൽ വെള്ളത്തിന്റെ കുത്തൊഴുക്ക്, പെട്ടെന്നുളള വെള്ളപ്പൊക്കം എന്നിവയ്ക്കും സാധ്യതയുണ്ട്.

ഈ മഴ ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ അനുഭവപ്പെടുമെന്നും താഴ്വരകളിലും, താഴ്ന്ന പ്രാദേശങ്ങളിലും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ മഴ മുസന്ദം ഗവർണറേറ്റിൽ ഡിസംബർ 13 മുതൽ അനുഭവപ്പെടുന്നതാണ്.

ഡിസംബർ 14, 15 തീയതികളിൽ അൽ ബുറൈമി, നോർത്ത് അൽ ബതീന, സൗത്ത് അൽ ബതീന ഗവർണറേറ്റുകളിലേക്കും മഴ വ്യാപിക്കുന്നതാണ്. ഡിസംബർ 16 മുതൽ ഡിസംബർ 18 വരെ ഈ മേഖലകളിൽ ശക്തമായ മഴ, കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ട്.