ദുബായിലെ ‘ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’ ഇതുവരെ അഞ്ച് ദശലക്ഷത്തിലധികം സന്ദർശകരെ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി. 2026 ഫെബ്രുവരി 22-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Museum of the Future receives 5 million visitors since opening#WamNews https://t.co/C9wFa93w1m pic.twitter.com/8EiipeDQdK
— WAM English (@WAMNEWS_ENG) February 22, 2026
2022-ൽ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ ഉദ്ഘാടനം ചെയ്തത് മുതൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരമാണിത്. ലോകത്തെ ഏറ്റവും ഉന്നതമായ സാംസ്കാരിക, ശാസ്ത്രീയ അടയാളങ്ങളിലൊന്നാണ് ദുബായ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ എന്നതിന് അടിവരയിടുന്നതാണ് ഈ കണക്കുകൾ.
ദുബായിയും യു എ ഇയും ഭാവി രൂപകൽപ്പന ഒരു പൊതു ആഗോള ലക്ഷ്യമാക്കി മാറ്റിയിട്ടുണ്ടെന്നും, വർത്തമാന, ഭാവി അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിലൂടെയും, സമൂഹങ്ങളെ സേവിക്കുന്നതിലൂടെയും, ഭാവി തലമുറകൾക്ക് ഏറ്റവും മികച്ചത് ഉറപ്പാക്കുന്നതിലൂടെയും മികച്ച ഒരു ഭാവി സൃഷ്ടിക്കാൻ ലോകത്തെ ഒന്നിപ്പിക്കുകയാണെന്നും മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന്റെ ചെയർമാൻ മുഹമ്മദ് അബ്ദുല്ല അൽ ഗെർഗാവി സ്ഥിരീകരിച്ചു. മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന്റെ ഉദ്ഘാടനത്തിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
2022 ഫെബ്രുവരി 22-നാണ് ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഈ മ്യൂസിയം ഉദ്ഘാടനം ചെയ്തത്. ദുബായിയുടെ തിരക്കേറിയ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വാസ്തുവിദ്യാ വിസ്മയമാണ് ‘ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’.
നൂതനസാങ്കേതികത, ഭാവി വിഭാവനം ചെയ്യൽ തുടങ്ങിയ മേഖലകളിൽ ആഗോള തലത്തിൽ തന്നെ ഒരു പ്രധാന കേന്ദ്രമാണിത്. സമൂഹം നേരിടുന്ന വെല്ലുവിളികൾക്ക് നൂതനമായ പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിനായി ഭാവി തലമുറയ്ക്ക് ഒരു പരീക്ഷണശാലയായി വർത്തിക്കുന്ന ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിനെ “ഭൂമിയിലെ ഏറ്റവും മനോഹരമായ കെട്ടിടം” എന്നാണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ഉദ്ഘാടന വേളയിൽ വിശേഷിപ്പിച്ചത്.
30000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള, ഏഴ് നിലകളിലായി തൂണുകളില്ലാത്ത ഘടനയിലാണ് ‘ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’ നിർമ്മിച്ചിരിക്കുന്നത്. 17000 ചതുരശ്ര മീറ്ററിലധികം നീളമുള്ള സ്റ്റെയിൻലെസ് സ്റ്റീലിൽ പണിതീർക്കുന്ന ഈ മ്യൂസിയത്തിന്റെ മുഖപ്പ്, എമിറാത്തി കലാകാരനായ മറ്റാർ ബിൻ ലഹേജ് രൂപകൽപ്പന ചെയ്ത 14000 മീറ്റർ അറബിക് കാലിഗ്രാഫിയാൽ സമ്പന്നമാണ്.
WAM

