യു എ ഇ: വ്യാജ ആപ്പുകൾ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ്

GCC News

വ്യാജ ആപ്പുകൾ ഉപയോഗിക്കുന്നതിനെതിരെ യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

വ്യാജ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതും, അവ ഉപയോക്താക്കളുടെ ഉപകരണങ്ങളിലേക്ക് ഡൗൺലോഡ് ചെയ്യുന്നതും ഡാറ്റ മോഷണം, ഡിജിറ്റൽ തട്ടിപ്പ് അല്ലെങ്കിൽ സൈബർ കൊള്ള എന്നിവയിലേക്ക് നയിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സംശയാസ്‌പദമായ ആപ്ലിക്കേഷനുകൾ ഡൌൺലോഡ് ചെയ്യുന്നതും, ഉപയോഗിക്കുന്നതും ഒഴിവാക്കുന്നതിലൂടെ വിവിധ സൈബർ അപകടസാധ്യതകൾ കുറയ്ക്കുന്നതിനും, ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോരുന്നത് തടയുന്നതിനും സഹായിക്കുമെന്ന് സൈബർ സെക്യൂരിറ്റി കൗൺസിൽ കൂട്ടിച്ചേർത്തു.

വ്യാജ ആപ്പുകൾ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഒരുപോലെ ഭീഷണി ഉയർത്തുന്നതായും, ഏറ്റവും അപകടകരമായ സൈബർ തട്ടിപ്പ് ഉപകരണങ്ങളിലൊന്നായി ഇവ മാറിയതായും കൗൺസിൽ വ്യക്തമാക്കി. മോഷ്ടിക്കപ്പെടുന്ന വിവരങ്ങൾ, ചിത്രങ്ങൾ, സാമ്പത്തിക വിവരങ്ങൾ എന്നിവ ഉപയോഗിച്ച് തട്ടിപ്പുകാർ ഇരകളെ ബ്ലാക്ക് മെയിൽ ചെയ്യാൻ ഉപയോഗിച്ചേക്കാം എന്നതിനാൽ, ഡാറ്റ മോഷണത്തിനപ്പുറത്തേക്ക് ഇവയുടെ അപകടസാധ്യതകൾ വ്യാപിക്കുന്നു.

തട്ടിപ്പുകാർ നിയമാനുസൃത ആപ്ലിക്കേഷനുകളുടെ ഇന്റർഫേസുകൾ പകർത്തുകയും യഥാർത്ഥ ആപ്ലിക്കേഷനുകളുമായി സാമ്യമുള്ള പേരുകളും ലോഗോകളും ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെ വ്യാജ ആപ്ലിക്കേഷനുകൾ കൂടുതൽ സങ്കീർണ്ണമായി വളർന്നിട്ടുണ്ടെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി. 85 ശതമാനത്തിലധികം വ്യാജ ആപ്ലിക്കേഷനുകളും അറിയപ്പെടുന്ന ആപ്ലിക്കേഷനുകളായി ആൾമാറാട്ടം നടത്തുന്നുണ്ടെന്നും ഇത് പരിചയസമ്പന്നരായ ഉപയോക്താക്കൾക്ക് പോലും കണ്ടെത്തൽ ബുദ്ധിമുട്ടാക്കുന്നുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.