അബുദാബി: രണ്ട് പുതിയ പാലങ്ങൾ തുറന്നു

featured GCC News

അൽ റീം ഐലൻഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഹൈവേയുമായി (E‑12) നേരിട്ട് ബന്ധിപ്പിക്കുന്ന രണ്ട് പുതിയ പാലങ്ങൾ തുറന്നതായി അബുദാബി അധികൃതർ അറിയിച്ചു. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

അബുദാബി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് വകുപ്പാണ് (DMT) ഈ പാലങ്ങൾ നിർമ്മിച്ചിരിക്കുന്നത്. 450 മില്യൺ ദിർഹം മൂല്യമുള്ള ഈ പദ്ധതി സാദിയത് മേഖലയെ ദുബായിയിലേക്കുള്ള ഹൈവേകളുമായി ബന്ധിപ്പിക്കുന്നു.

മണിക്കൂറിൽ 7200 വാഹനങ്ങൾക്ക് കടന്ന് പോകാനാകുന്ന ഈ പാലങ്ങൾ തിരക്കേറിയ സമയങ്ങളിൽ യാത്രാ സമയം പതിനഞ്ച് മിനിറ്റ് വരെ കുറയ്ക്കുന്നതിന് സഹായകമാണ്. ഈ പദ്ധതി അൽ റീമിനും സാദിയാത്ത് ദ്വീപുകൾക്കും ഇടയിലുള്ള ഗതാഗതം മെച്ചപ്പെടുത്തുന്നതിനൊപ്പം, ഹംദാൻ ബിൻ മുഹമ്മദ് സ്ട്രീറ്റ്, മിന റോഡ് തുടങ്ങിയ പ്രധാന റൂട്ടുകളിലെ തിരക്ക് കുറയ്ക്കുകയും ചെയ്യുന്നതാണ്.

സായിദ് തുറമുഖത്തെ സാദിയാത്ത് ദ്വീപുമായി ബന്ധിപ്പിക്കുന്ന ചരക്ക് നീക്കത്തിനുളള ഒരു പ്രത്യേക യു-ടേൺ പാലം വാണിജ്യ ഗതാഗതത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നു. 25000 സ്‌ക്വയർ മീറ്ററിലധികം ഉപരിതല വിസ്തീർണ്ണമുള്ളതും, ആകെ 1.5 കിലോമീറ്റർ നീളമുള്ളതുമായ ഈ പാലങ്ങളിൽ കപ്പലുകൾക്ക് കടന്നുപോകാൻ അനുവദിക്കുന്ന 12 വി-ആകൃതിയിലുള്ള തൂണുകൾ ഒരുക്കിയിട്ടുണ്ട്.

ഇതിന് പുറമെ 2 കിലോമീറ്റർ നീളമുള്ള റോഡ്, 71 തെരുവുവിളക്കുകൾ, ലാൻഡ്‌സ്‌കേപ്പ് ചെയ്ത ഇടങ്ങൾ, കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രികർക്കുമുള്ള 2 കിലോമീറ്റർ ട്രാക്കുകൾ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.