യു എ ഇ: വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന താഴ്‌വരകൾ മുറിച്ച് കടക്കുന്നവർക്ക് പിഴ ചുമത്തും

featured GCC News

രാജ്യത്ത് വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന നീര്‍ച്ചാലുകൾ, താഴ്‌വരകൾ എന്നിവ ബോധപൂർവം മുറിച്ച് കടക്കാൻ ശ്രമിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് യു എ ഇ അധികൃതർ മുന്നറിയിപ്പ് നൽകി.

യു എ ഇ ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. മഴക്കാലത്ത് വാഹനമോടിക്കുന്നവരും മറ്റു പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് യു എ ഇ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ സുരക്ഷിതമല്ലാത്ത പെരുമാറ്റങ്ങൾക്ക് കർശന ശിക്ഷകൾ നൽകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ താഴ്വരകൾ, അരുവികൾ, അണക്കെട്ടുകൾ എന്നിവയ്ക്ക് സമീപം ഒത്ത്ചേരുന്നവർക്ക് ആയിരം ദിർഹം പിഴ, ആറ് ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ എന്നിവ ശിക്ഷയായി ലഭിക്കുന്നതാണ്.

ജലപ്രവാഹം സജീവമായ സമയങ്ങളിൽ മുന്നറിയിപ്പ് വകവെക്കാതെ താഴ്‌വരകളിൽ പ്രവേശിക്കുന്നവർക്ക് 2,000 ദിർഹം പിഴ, 23 ബ്ലാക്ക് പോയിന്റുകൾ എന്നീ ശിക്ഷകൾ ലഭിക്കുന്നതാണ്. ഇതിന് പുറമെ ഇത്തരം ലംഘനങ്ങൾ നടത്തുന്നതിനായി ഉപയോഗിച്ച വാഹനങ്ങൾ 60 ദിവസത്തേക്ക് കണ്ടുകെട്ടുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

പോലീസ്, ആംബുലൻസ് എന്നിവ ഉൾപ്പടെയുള്ള അടിയന്തിര സേവനങ്ങൾ നൽകുന്ന വിഭാഗങ്ങളുടെ വാഹനങ്ങൾ തടസ്സപ്പെടുത്തുന്നവർക്കും കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വരുന്നതാണ്. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്ക് ആയിരം ദിർഹം പിഴ, നാല് ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ, 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടൽ എന്നിവ ശിക്ഷയായി ലഭിക്കുന്നതാണ്.