അബുദാബിയിലേക്കോ അബുദാബി വഴിയോ പറക്കുന്ന അന്താരാഷ്ട്ര സന്ദർശകർക്ക് സൗജന്യ മെഡിക്കൽ യാത്രാ ഇൻഷുറൻസ് നൽകുന്ന ഒരു പദ്ധതി സംബന്ധിച്ച് ഇത്തിഹാദ് പ്രഖ്യാപനം നടത്തി. 2026 ജൂൺ 12-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Etihad, DCT Abu Dhabi launch complimentary medical travel insurance for international visitors flying to or through Abu Dhabi#WamNews https://t.co/tl9HKZYsVt pic.twitter.com/QpBXmwtBdG
— WAM English (@WAMNEWS_ENG) June 12, 2026
ഇത്തിഹാദും അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പും (DCT) ചേർന്നാണ് ഈ സൗജന്യ മെഡിക്കൽ യാത്രാ ഇൻഷുറൻസ് ആരംഭിച്ചിരിക്കുന്നത്. ദി നാഷണൽ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ചാണ് ഇത്തിഹാദ് നടത്തുന്ന വിമാനങ്ങളിൽ അബുദാബിയിലേക്കെത്തുന്ന അന്താരാഷ്ട്ര സന്ദർശകർക്ക് ഈ സൗജന്യ മെഡിക്കൽ യാത്രാ ഇൻഷുറൻസ് നൽകുന്നത്.
2026 ജൂലൈ മുതൽ 2026 ഡിസംബർ വരെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതിയുടെ കീഴിൽ സന്ദർശകർക്ക് യു എ ഇയിൽ 15 ദിവസത്തേക്ക് വരെയാണ് ഇൻഷുറൻസ് പരിരക്ഷ നൽകുന്നത്.
ഈ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിനായി സന്ദർശകർ പ്രത്യേകിച്ചുള്ള അപേക്ഷകളൊന്നും സമർപ്പിക്കേണ്ടതില്ല. യോഗ്യതയുള്ള എല്ലാ ഇത്തിഹാദ് ടിക്കറ്റിലും ഈ പരിരക്ഷ സ്വയമേവ നൽകുന്നതാണ്.
യുഎഇക്ക് പുറത്ത് നിന്ന് ഇത്തിഹാദ് നടത്തുന്ന സർവീസിൽ അബുദാബിയിലേക്ക് പറക്കുന്ന ഏതൊരു അതിഥിക്കും ഈ ഇൻഷുറൻസ് പരിരക്ഷയ്ക്ക് യോഗ്യതയുണ്ട്. ഇത്തിഹാദിന്റെ സൗജന്യ സ്റ്റോപ്പ് ഓവർ പ്രോഗ്രാം ഉപയോഗിച്ച് അബുദാബിയിൽ സമയം ചെലവഴിക്കുന്ന യാത്രക്കാർക്കും അവരുടെ താമസ കാലയളവിലേക്ക് ഈ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ്. ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് നിബന്ധനകളും വ്യവസ്ഥകളും ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
WAM

