റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ്

GCC News

റോഡിലെ അമിതവേഗത്തെക്കുറിച്ച് ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി. 2026 ജൂൺ 12-നാണ് ഷാർജ പോലീസ് ഈ അറിയിപ്പ് നൽകിയത്.

ഇതുമായി ബന്ധപ്പെട്ട് ഷാർജ പോലീസ് യഥാർത്ഥ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ഒരു ബോധവൽക്കരണ വീഡിയോ പങ്ക് വെച്ചിട്ടുണ്ട്.

തിരക്കേറിയ കവലകളിൽ ചുവപ്പ് ലൈറ്റ് മറികടക്കുന്നതും, അശ്രദ്ധമായ ഡ്രൈവിംഗ്, അമിത വേഗത എന്നിവയും കാരണം ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് പൊതുസമൂഹത്തിൽ അവബോധം വളർത്തുന്നതിനാണ് ഷാർജ പോലീസ് ഈ വീഡിയോ പങ്ക് വെച്ചത്. യു എ ഇ നിയമപ്രകാരം ഏറ്റവും അപകടകരമായ ഗതാഗത കുറ്റകൃത്യങ്ങളിൽ ഒന്നാണ് റോഡ് ഇന്റർസെക്ഷനുകളിലെ റെഡ് ലൈറ്റ് നിയമങ്ങളുടെ ലംഘനങ്ങൾ എന്ന് ഷാർജ പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇത്തരം നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ, ഡ്രൈവിംഗ് ലൈസൻസിൽ 12 ബ്ലാക്ക് പോയിന്റുകൾ, 30 ദിവസം വരെ വാഹനം കണ്ടുകെട്ടൽ എന്നിവ ശിക്ഷയായി ലഭിക്കുന്നതാണ്. ഇത് ആവർത്തിക്കുന്നവർക്ക് വാഹനം കൂടുതൽ കാലം കണ്ടുകെട്ടൽ, 24 ബ്ലാക്ക് പോയിന്റുകളിൽ എത്തുമ്പോൾ ലൈസൻസ് സസ്‌പെൻഷൻ എന്നിവ ഉൾപ്പെടെയുള്ള കർശനമായ ശിക്ഷകൾ ലഭിക്കുന്നതാണ്.

നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും അശ്രദ്ധമായ ഡ്രൈവിംഗ് പെരുമാറ്റം തത്സമയം തടയുന്നതിനും പ്രധാന റോഡുകളിൽ വിന്യസിച്ചിരിക്കുന്ന നൂതന സ്മാർട്ട് നിരീക്ഷണ സംവിധാനങ്ങളുടെ പങ്കിനെ ഷാർജ പോലീസ് പ്രത്യേകം എടുത്തുകാട്ടി. വാഹനമോടിക്കുന്നവരുടെ അക്ഷമ ദുരന്തത്തിലേക്ക് നയിക്കാൻ അനുവദിക്കരുതെന്നും, സിഗ്നലുകൾ അവഗണിക്കുന്നതും, തിരക്കുകൂട്ടുന്നതും ജീവൻ നഷ്ടപ്പെടുത്തുമെന്നും പോലീസ് ഡ്രൈവർമാരെ ഓർമ്മിപ്പിച്ചു.

റോഡിൽ ക്ഷമയോടെ വാഹനമോടിക്കാനും, ട്രാഫിക് സിഗ്നലുകൾ അനുസരിക്കാനും, എല്ലായ്‌പ്പോഴും സുരക്ഷയ്ക്ക് മുൻഗണന നൽകാനും ഷാർജ പോലീസ് ആഹ്വാനം ചെയ്തു.