ദുബായിൽ നിലവിലുള്ള കൊറോണാ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളിലും യാത്രാ വിലക്കുകളിലും ഏപ്രിൽ 24, വെള്ളിയാഴ്ച്ച മുതൽ ഭാഗികമായ ഇളവുകൾ നൽകാൻ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ദുബായിൽ രാവിലെ 6 മുതൽ വൈകീട്ട് 10 മണി വരെ മൂവ് പെർമിറ്റുകൾ കൂടാതെ തന്നെ ജനങ്ങൾക്ക് വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നതിന് അനുമതി ഉണ്ടായിരിക്കും.
രാത്രി 10 മുതൽ രാവിലെ 6 വരെ നിയന്ത്രണങ്ങൾ തുടരുമെന്നും ഈ സമയം അടിയന്തിര ആവശ്യങ്ങൾക്ക് മാത്രമേ വീടുകൾക്ക് പുറത്ത് പോകാൻ അനുവാദമുണ്ടാകൂ എന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. യാത്രകൾക്ക് ഇളവുകൾ നൽകിയിട്ടുള്ള രാവിലെ 6 മുതൽ രാത്രി 10 വരെ കൃത്യമായി സമൂഹ അകലം പാലിക്കാനും, മാസ്കുകൾ നിര്ബന്ധമായി ധരിക്കാനും അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാസ്ക്കുകൾ ധരിക്കാതെ പൊതു സ്ഥലങ്ങളിൽ യാത്ര ചെയ്യുന്നത് 1000 ദിർഹം പിഴ ഈടാക്കാവുന്ന കുറ്റമാണ്.
ആരോഗ്യ മന്ത്രാലയവുമായും, നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുമായി (NCEMA) ചേർന്ന് സംയുക്തമായാണ് സുപ്രീം കമ്മിറ്റി ഈ തീരുമാനം കൈകൊണ്ടത്. റമദാനിൽ ആളുകളുടെ സൗകര്യം കൂടി കണക്കിലെടുത്തുള്ള ഈ തീരുമാനം നടപ്പിലാക്കുമ്പോൾ ജനങ്ങൾ പൂർണ്ണമായും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും, സമൂഹ അകലം ഉറപ്പിക്കുകയും വേണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
റമദാനിൽ ജനങ്ങൾക്ക് അവരുടെ ഏറ്റവും അടുത്ത ബന്ധുക്കളെ സന്ദർശിക്കുന്നതിനും അനുമതിയുണ്ടാകും. എന്നാൽ 5 പേരിൽ കൂടുതൽ ഒത്തു ചേരുന്നില്ല എന്ന് ഉറപ്പാക്കണമെന്നും പ്രായമായവരെ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. റമദാന്റെ ഭാഗമായുള്ള എല്ലാ തരത്തിലുള്ള പൊതു ചടങ്ങുകളും കൂടിച്ചേരലുകളും പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലും അനുവദിക്കുന്നതല്ല എന്നും അധികൃതർ വ്യക്തമാക്കി. ഇഫ്താർ ടെന്റുകൾക്കും വിലക്കുണ്ട്.
കർശനമായ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾക്ക് വിധേയമായി പൊതുഗതാഗതം, ഭക്ഷ്യ വിതരണ സ്ഥാപനങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ മുതലായവയ്ക്കും റമദാനിൽ പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. ബുഫേ സംവിധാനത്തിലുള്ള ഭക്ഷണ വിതരണം, ശീഷ പാർലറുകൾ, വിനോദ കേന്ദ്രങ്ങൾ, സിനിമ ശാലകൾ മുതലായവ പ്രവർത്തിക്കില്ല.
ജനങ്ങൾക്ക് ദിനവും 1 മുതൽ 2 മണിക്കൂർ വരെ വീടുകൾക്ക് പുറത്ത് വ്യായാമം ചെയ്യാനും അനുമതി നൽകിയിട്ടുണ്ട്. മൂന്ന് പേരിൽ കൂടുതൽ ഒരുമിച്ച് വ്യായാമത്തിനായി ഒത്തുകൂടുന്നതും, അവരവരുടെ താമസ സ്ഥലങ്ങളുടെ മേഖലകളിൽ നിന്ന് അകന്ന് ഇത്തരം ആവശ്യങ്ങൾക്കായി പോകുന്നതും അനുവദനീയമല്ല. മാസ്ക്കുകളും സമൂഹ അകലവും ഉറപ്പാക്കുകയും വേണം.
ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 വരെ ഷോപ്പിംഗ് കേന്ദ്രങ്ങൾക്കും മാളുകൾക്കും പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇത്തരം ഇടങ്ങളിൽ വിനോദ പരിപാടികളും മറ്റു ഒത്തുകൂടലുകളും അനുവദനീയമല്ല. മാളുകളിൽ ആരോഗ്യ പരിശോധനകൾ ഉണ്ടായിരിക്കുന്നതാണ്. മൂന്ന് വയസ്സിനും 12 വയസ്സിനും ഇടയിലുള്ള കുട്ടികൾക്കും, 60 വയസിനു മുകളിൽ പ്രായമുള്ളവർക്കും പ്രവേശനാനുമതി ഉണ്ടായിരിക്കില്ല.