അബുദാബി: അണുനശീകരണ പ്രവർത്തനങ്ങളുടെ പുതുക്കിയ സമയക്രമങ്ങൾ

GCC News

കൊറോണാ വൈറസ് പശ്ചാത്തലത്തിൽ അബുദാബിയിൽ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന അണുനശീകരണ പ്രവർത്തനങ്ങളുടെ സമയക്രമത്തിൽ മാറ്റങ്ങൾ വരുത്തിയതായി അബുദാബി ഗവണ്മെന്റ് മീഡിയ ഓഫീസ് ഏപ്രിൽ 25, ശനിയാഴ്ച്ച അറിയിച്ചു. പുതുക്കിയ സമയക്രമ പ്രകാരം റമദാനിൽ റെസിഡൻഷ്യൽ മേഖലകളിൽ ദിനവും രാത്രി 10 മുതൽ രാവിലെ 6 വരെയും, വ്യാവസായിക മേഖലകളിലും തൊഴിലാളികളുടെ താമസമേഖലകളിലും വൈകീട്ട് 8 മുതൽ രാവിലെ 6 മണി വരെയുമായാണ് അണുനശീകരണ പ്രവർത്തനങ്ങളും ശുചീകരണ നടപടികളും നടപ്പിലാക്കുക.

റമദാനിൽ പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് സമയക്രമങ്ങളിലെ മാറ്റം. നിലവിൽ വ്യാവസായിക മേഖലകളിലും തൊഴിലാളികളുടെ താമസമേഖലകളിലും ദിനവും വൈകീട്ട് 6 മുതൽ രാവിലെ 6 മണി വരെയും, റെസിഡൻഷ്യൽ മേഖലകളിൽ രാത്രി 8 മുതൽ രാവിലെ 6 വരെയും നടപ്പിലാക്കുന്ന ശുചീകരണ നടപടികളുടെ സമയക്രമാണ് പുനർക്രമീകരിച്ചത്.