ഖത്തർ: ടാക്സി, ബസ് തുടങ്ങിയ വാഹനങ്ങൾ ഓടിക്കുന്നവർക്ക് പൊതു ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണെന്ന് മുന്നറിയിപ്പ്

GCC News

രാജ്യത്ത് ടാക്സി, ലിമോസിൻ, ബസ് തുടങ്ങിയ വാഹനങ്ങൾ ഓടിക്കുന്നവർക്ക് പൊതു ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. 2026 ഓഗസ്റ്റ് 27-നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

ഖത്തറിൽ ടാക്സി, ലിമോസിൻ, പൊതുഗതാഗത ബസുകൾ എന്നിവ ഓടിക്കുന്ന വാഹന ഉടമകൾ അത്തരം വാഹനങ്ങൾ പ്രവർത്തിപ്പിക്കാൻ പ്രത്യേകമായി അധികാരപ്പെടുത്തുന്ന ഒരു സാധുവായ പബ്ലിക് ഡ്രൈവിംഗ് ലൈസൻസ് നേടണമെന്ന് മന്ത്രാലയം ഓർമ്മപ്പെടുത്തിയിട്ടുണ്ട്. ഖത്തറിലെ ഗതാഗത നിയമങ്ങൾക്കും, അംഗീകൃത ലൈസൻസിംഗ് നടപടിക്രമങ്ങൾക്കും അനുസൃതമായാണ് ഈ ആവശ്യകതയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഖത്തറിൽ ഇത്തരം പബ്ലിക് ഡ്രൈവിംഗ് ലൈസൻസുകൾ അനുവദിക്കുന്നതിന് താഴെ പറയുന്ന വ്യവസ്ഥകൾ ബാധകമാണ്:

  • ഇത്തരം പബ്ലിക് ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് 21 വയസ്സ് പ്രായമുണ്ടായിരിക്കണം.
  • ഇവർക്ക് ഗുഡ് കണ്ടക്റ്റ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
  • കുറഞ്ഞത് രണ്ട് വർഷത്തേക്ക് സാധുവായ മെക്കാനിക്കൽ വാഹന ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
  • മെഡിക്കൽ ഫിറ്റ്നസ് യോഗ്യത ഉണ്ടായിരിക്കണം.
  • ഖത്തറിലെ പ്രധാന ഇടങ്ങളെക്കുറിച്ചും, ഭൂപ്രകൃതിയെക്കുറിച്ചും മതിയായ അറിവ് ഉണ്ടായിരിക്കണം.
  • അപേക്ഷകർ ഈ തൊഴിലിൽ മുഴുവൻ സമയ അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം.
  • ഇവരെ ലിമോസിൻ, ടാക്സി അല്ലെങ്കിൽ പൊതുഗതാഗത ബസ് സർവീസുകൾ നടത്തുന്ന ഒരു കമ്പനി സ്പോൺസർ ചെയ്യേണ്ടതാണ്.
  • ഇവരുടെ റെസിഡൻസ് പെർമിറ്റിലെ തൊഴിൽമേഖല ഡ്രൈവറുടേതായിരിക്കണം.