യു എ ഇയുടെ പുരാതന ചരിത്രം അവതരിപ്പിക്കുന്ന പ്രത്യേക പരിപാടികളുമായി സായിദ് നാഷണൽ മ്യൂസിയം

GCC News

2026 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ സായിദ് നാഷണൽ മ്യൂസിയത്തിൽ യു എ ഇയുടെ പുരാവസ്തുശാസ്ത്രവും പുരാതന ചരിത്രവും പര്യവേക്ഷണം ചെയ്യുന്ന ഏതാനം പ്രത്യേക പരിപാടികൾ അരങ്ങേറുന്നതാണ്. ഇതിൽ ഗൈഡഡ് ടൂറുകൾ, ഹാൻഡ്സ്-ഓൺ വർക്ക്ഷോപ്പുകൾ, ആക്സസ് പ്രോഗ്രാമുകൾ തുടങ്ങിയ പരിപാടികൾ ഉൾപ്പെടുന്നു.

‘പുരാവസ്തുശാസ്ത്രം: ഭൂതകാലത്തിന്റെ അടയാളങ്ങൾ’ എന്ന ആശയത്തിലൂന്നിയുള്ള പ്രത്യേക തീമാറ്റിക് ടൂർ പുരാതന വാസസ്ഥലങ്ങൾ, ഉപകരണങ്ങൾ, മുൻകാല പരിസ്ഥിതികളുടെ അടയാളങ്ങൾ എന്നിവ ആദ്യകാല സമൂഹങ്ങളുടെ കഥകൾ പുനർനിർമ്മിക്കാൻ പുരാവസ്തു ഗവേഷകരെ എങ്ങനെ സഹായിക്കുന്നു എന്ന് വെളിപ്പെടുത്തുന്നു. യു എ ഇയുടെ സ്ഥാപക പിതാവ് പരേതനായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ രാഷ്ട്ര പൈതൃകം സംരക്ഷിക്കുന്നതിനും, പുരാവസ്തു പര്യവേഷണത്തെ പിന്തുണയ്ക്കുന്നതിനുമുള്ള പ്രതിബദ്ധതയെക്കുറിച്ച് മനസ്സിലാക്കുന്നതിനൊപ്പം, പുരാതന കാലഘട്ടങ്ങളിൽ ആളുകൾ എങ്ങനെ ജീവിച്ചു, പ്രവർത്തിച്ചു, ചുറ്റുമുള്ള ലോകവുമായി ഇടപഴകി എന്നിവ സന്ദർശകർക്ക് കണ്ടെത്താനാകുന്നതാണ്.

‘ട്രഷേഴ്‌സ് ബിനീത്ത് ദി സാൻഡ്’ എന്ന ശില്പശാലയിൽ, പുരാതന സമൂഹങ്ങളിലെ ആഭരണങ്ങളുടെ ചരിത്രപരമായ പ്രാധാന്യം പര്യവേക്ഷണം ചെയ്യുന്നതിനൊപ്പം, പുരാവസ്തു ഉത്ഖനന പ്രക്രിയ മനസ്സിലാക്കുന്നതിനും സാധിക്കുന്നു. ഈ പരിപാടിയുടെ ഭാഗമായി മണൽ നിറച്ച ഒരു ഉത്ഖനന പെട്ടിയിൽ നിന്ന് കക്കകൾ, കല്ലുകൾ എന്നിവ കുഴിച്ചെടുക്കുന്നതിനും, ഇവ ഉപയോഗിച്ച് കൊണ്ട് പുരാവസ്തു വസ്തുക്കളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ധരിക്കാവുന്ന ഒരു സ്മാരകം ഒരുക്കുന്നതിനും പങ്കെടുക്കുന്നവർക്ക് അവസരം ലഭിക്കുന്നു.

ലോകത്തിലെ ആദ്യകാല എഴുത്ത് സമ്പ്രദായങ്ങളിലൊന്നായ ക്യൂണിഫോമിനെ പരിചയപ്പെടുത്തുന്ന പ്രായോഗിക വർക്ക്‌ഷോപ്പാണ് ഏൻഷ്യന്റ് ഇംപ്രഷൻസ്. കളിമണ്ണ് ഉപയോഗിച്ച്, പുരാതന നാഗരികതകളിൽ പേരുകൾ, കഥകൾ, വ്യാപാരം, ദൈനംദിന ജീവിതം എന്നിവ രേഖപ്പെടുത്താൻ ചിഹ്നങ്ങൾ എങ്ങനെ ഉപയോഗിച്ചിരുന്നുവെന്ന് പങ്കെടുക്കുന്നവർ പര്യവേക്ഷണം ചെയ്യുന്നതാണ്. ഇതോടൊപ്പം തലമുറകളിലൂടെ അറിവും അനുഭവങ്ങളും സംരക്ഷിക്കുന്നതിൽ എഴുത്തിന്റെ പങ്ക് കണ്ടെത്തുന്നതിനും അവസരമൊരുങ്ങുന്നു.

മ്യൂസിയം ശേഖരത്തിൽ ഉൾപ്പെടുന്ന ഫലജ് ചിത്രീകരണങ്ങളുള്ള ഒരു പുരാതന കപ്പിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന ‘ദി മെമ്മറി കപ്പ് വർക്ക്‌ഷോപ്പ്’ പങ്കെടുക്കുന്നവർക്ക് കളിമണ്ണ് ഉപയോഗിച്ച് സ്വന്തം ഒരു കപ്പ് കൈകൊണ്ട് രൂപപ്പെടുത്താൻ അവസരം നൽകുന്നു. സായിദ് നാഷണൽ മ്യൂസിയത്തിലെ മാഗൻ ബോട്ടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ‘ഫ്രം ഫൈബർ ടു വോയേജ്’ എന്ന ഡ്രോപ്പ്-ഇൻ വർക്ക്‌ഷോപ്പ് ഒരുക്കിയിരിക്കുന്നത്. പങ്കെടുക്കുന്നവർക്ക് പരമ്പരാഗത സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കൊണ്ട് ഒരു ചെറിയ കയർ നിർമ്മിക്കുന്നതിനും, അതിലൂടെ പ്രകൃതിദത്ത വസ്തുക്കൾ, പ്രത്യേകിച്ച് ഈന്തപ്പന നാരുകൾ, ശക്തമായ കയറുകളായി എങ്ങനെ രൂപാന്തരപ്പെട്ടുവെന്ന് പഠിക്കുന്നതിനും അവസരം ലഭിക്കുന്നു.