2026 ഒക്ടോബർ 1 മുതൽ എമിറേറ്റിലെ ഏതാനം റോഡുകളിൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. 2026 സെപ്റ്റംബർ 26-നാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) ഇക്കാര്യം അറിയിച്ചത്.
تبدأ #هيئة_الطرق_والمواصلات وشرطة دبي، اعتباراً من 1 أكتوبر 2026، تطبيق حظر حركة الشاحنات على شوارع إمارة دبي وفق القيود المرورية المعمول بها خلال أوقات الذروة، مع استثناء شارع الإمارات من القرار.
— RTA (@rta_dubai) September 26, 2026
ويأتي ذلك في إطار الجهود المشتركة لتعزيز انسيابية الحركة المرورية والسلامة على… pic.twitter.com/13B9WP5E2n
തിരക്കേറിയ സമയങ്ങളിലെ ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. എമിറേറ്റ്സ് റോഡിനെ ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വാണിജ്യ ഗതാഗത-ലോജിസ്റ്റിക്സ് മേഖലകളുടെ ആവശ്യങ്ങൾ പരിഗണിക്കുകയും, ചരക്ക് നീക്കം തടസ്സമില്ലാതെ തുടരുന്നത് ഉറപ്പാക്കുകയും ചെയ്യുന്നതിനൊപ്പം, സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനും, റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് RTA ഈ തീരുമാനം പ്രഖ്യാപിച്ചത്. ദുബായ് പോലീസുമായി ചേർന്നാണ് RTA ഈ തീരുമാനം നടപ്പിലാക്കുന്നത്.
ഈ തീരുമാനം നടപ്പിലാക്കുന്ന സമയങ്ങളിൽ ഡ്രൈവർമാർക്ക് ഉപയോഗിക്കാവുന്ന ഇതര റൂട്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിനും, ഈ തീരുമാനം സംബന്ധിച്ച അവബോധം വളർത്തുന്നതിനും RTA പ്രത്യേക ബോധവത്കരണ പ്രചാരണപരിപാടികൾ സംഘടിപ്പിക്കുന്നതാണ്.
എമിറേറ്റിലെ വിവിധ റോഡുകൾ, പ്രദേശങ്ങൾ, ഗതാഗതത്തിരക്ക് എന്നിവയ്ക്കനുസരിച്ച് ട്രക്കുകൾക്കുള്ള നിയന്ത്രണങ്ങളിൽ താഴെ പറയുന്ന രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടെന്നും RTA വ്യക്തമാക്കിയിട്ടുണ്ട്:
- അൽ ഖുദ്ര സ്ട്രീറ്റ്, മെയ്ദാൻ സ്ട്രീറ്റ്, എയർപോർട്ട് ടണൽ, എമിറേറ്റിലെ മുഴുവൻ മറൈൻ പാലങ്ങൾ തുടങ്ങിയ പാതകളിൽ ട്രക്കുകളുടെ ഗതാഗതത്തിന് 24 മണിക്കൂർ നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്.
- അൽ മിസ്ഹാർ, മുഹൈസ്ന, ഔദ് അൽ മുത്തീന തുടങ്ങിയ പാർപ്പിട മേഖലകൾ, ഷെയ്ഖ് സായിദ് റോഡ്, ബെയ്റൂട്ട് സ്ട്രീറ്റ് തുടങ്ങിയ പാതകൾ എന്നിവിടങ്ങളിൽ ട്രക്കുകൾക്ക് ദിവസവും 16 മണിക്കൂർ നേരത്തേക്ക് (രാവിലെ 6 മുതൽ രാത്രി 10 മണിവരെ) നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ്.
- എയർപോർട്ട് റോഡ്, ഒമാൻ സ്ട്രീറ്റ്, ഡമാസ്കസ് സ്ട്രീറ്റ് എന്നിവയുൾപ്പെടെയുള്ള നഗരപ്രദേശങ്ങളിൽ, ദിവസവും രാവിലെ 6.30 മുതൽ 8.30 വരെയും, ഉച്ചയ്ക്ക് 1 മുതൽ 3 വരെയും, വൈകുന്നേരം 5.30 മുതൽ രാത്രി 8 വരെയും ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ട്രക്ക് ഡ്രൈവർമാരോടും ഗതാഗത, ചരക്ക് കമ്പനികളോടും ഈ നിയന്ത്രണ സമയം കൃത്യമായി പാലിക്കാനും, അനുവദനീയമായ ഇതര റൂട്ടുകൾ ഉപയോഗിക്കാനും അല്ലെങ്കിൽ നിരോധന കാലയളവിൽ നിയുക്ത ട്രക്ക് വിശ്രമ കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്താനും RTA ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇതിന് പുറമെ റോഡ് അടയാളങ്ങളും നിർദ്ദേശങ്ങളും പാലിക്കാനും പ്രധാന റോഡുകളിലോ, റെസിഡൻഷ്യൽ ഏരിയകളിലോ, പാർക്കിംഗിനായി നിയുക്തമാക്കിയിട്ടില്ലാത്ത സ്ഥലങ്ങളിലോ അനധികൃത പാർക്കിംഗ് ഒഴിവാക്കാനും RTA ഡ്രൈവർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Cover Image: Dubai Media Office.

