ദുബായ്: ശബ്ദമലിനീകരണം, അനധികൃതമായ രൂപമാറ്റം എന്നിവയുമായി ബന്ധപ്പെട്ട് 1630 വാഹനങ്ങൾ പിടിച്ചെടുത്തു

GCC News

ശബ്ദമലിനീകരണം, അനധികൃതമായ രൂപമാറ്റം എന്നിവയുമായി ബന്ധപ്പെട്ട് ഈ വർഷം ആദ്യ 9 മാസങ്ങളിൽ 1630 വാഹനങ്ങൾ പിടിച്ചെടുത്തതായി ദുബായ് അധികൃതർ അറിയിച്ചു. 2026 ഒക്ടോബർ 21-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

അമിതമായ ശബ്ദമുണ്ടാക്കിയതിനും അനധികൃതമായി വാഹനങ്ങളിൽ മാറ്റങ്ങൾ വരുത്തിയതിനും ഈ കാലയളവിൽ ദുബായ് പോലീസ് 7,735 ട്രാഫിക് പിഴകൾ ചുമത്തിയിട്ടുണ്ട്.

റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും, എമിറേറ്റിലെ നിവാസികൾക്ക് ശല്യമുണ്ടാക്കുന്നതും റോഡ് ഉപയോഗിക്കുന്നവർക്ക് അപകടം വരുത്തുന്നതുമായ പ്രവണതകൾ കുറയ്ക്കുന്നതിനുമായി ദുബായ് പോലീസ് നടപ്പിലാക്കുന്ന ശക്തമായ ട്രാഫിക് ബോധവൽക്കരണ-നിയന്ത്രണ നടപടികളുടെ ഭാഗമാണിത്.

വാഹനങ്ങളിലെ ശബ്ദം കണ്ടെത്താനും, അളക്കാനും ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനും, കൂടുതൽ റോഡുകളിലും പ്രദേശങ്ങളിലും ഇവ സ്ഥാപിക്കാനും ദുബായ് പോലീസ് പദ്ധതിയിടുന്നതായും അധികൃതർ അറിയിച്ചിട്ടുണ്ട്.