കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫോട്ടോഗ്രാഫി നിരോധിച്ചു

GCC News

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജോലി ചെയ്യുന്നവർ അവരുടെ ജോലിസ്ഥലങ്ങളിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനും, വീഡിയോകൾ റെക്കോർഡുചെയ്യുന്നതിനും, തത്സമയ സംപ്രേക്ഷണം ചെയ്യുന്നതിനും വിലക്കേർപ്പെടുത്തി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

വിമാനത്താവള ജീവനക്കാർ വിമാനത്താവളത്തിലെ അതീവസുരക്ഷാ മേഖലകളുടെ ചിത്രങ്ങൾ റെക്കോർഡ് ചെയ്യുന്നതും പങ്കിടുന്നതും തടയുന്നതിനായാണ് ഈ നീക്കം. ഈ തീരുമാനം ലംഘിക്കുന്നവർക്ക് നിയമനടപടി നേരിടേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് കുവൈറ്റ് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി ആക്ടിംഗ് ഡയറക്ടർ ജനറൽ സാദ് അൽ ഒതൈബി ’60/2026′ എന്ന ഒരു ഔദ്യോഗിക വിജ്ഞാപനത്തിൽ ഒപ്പ് വെച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന എല്ലാ ജീവനക്കാർക്കും സ്ഥാപനങ്ങൾക്കും ഈ നിരോധനം ബാധകമാണ്. ജോലിസ്ഥലങ്ങളിൽ ഫോട്ടോഗ്രാഫി, റെക്കോർഡിംഗ് അല്ലെങ്കിൽ ലൈവ് സ്ട്രീമിംഗ് എന്നിവയ്ക്കായി മൊബൈൽ ഫോണുകൾ, ക്യാമറകൾ അല്ലെങ്കിൽ മറ്റ് സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഈ തീരുമാനം മൂലം നിരോധിച്ചിട്ടുണ്ട്.

ഈ വിജ്ഞാപനത്തിലെ ആർട്ടിക്കിൾ 1 പ്രകാരം, വിമാനത്താവള ആപ്രണുകൾ, പാസഞ്ചർ ടെർമിനലുകൾ, അഡ്മിനിസ്ട്രേറ്റീവ്, ടെക്നിക്കൽ കെട്ടിടങ്ങൾ, അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള മറ്റ് എല്ലാ സൗകര്യങ്ങൾ, പരിസരങ്ങൾ തുടങ്ങിയ മേഖലകളിൽ ഈ നിയന്ത്രണം ബാധകമാണ്. സുരക്ഷാ നടപടിക്രമങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ, പരിശോധന ചെക്ക്‌പോസ്റ്റുകൾ, നിരീക്ഷണ ക്യാമറകൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ, ഫോട്ടോ എന്നിവ പകർത്തുന്നതും, പ്രസിദ്ധീകരിക്കുന്നതും ഈ നിർദ്ദേശം മൂലം നിരോധിച്ചിട്ടുണ്ട്. വിമാനങ്ങളുടെ നീക്കങ്ങളും വിമാനത്താവളത്തിലെ പ്രവർത്തനങ്ങളും ഈ നിയന്ത്രണങ്ങളുടെ പരിധിയിൽ വരുന്നതാണ്.