റിയാദ് മെട്രോയുടെ കീഴിൽ വരുന്ന എക്സ്പോ 2030 മെട്രോ സ്റ്റേഷന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 2026 നവംബർ 15-നാണ് റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി (RCRC) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
#RCRC has begun construction on Expo Metro Station, part of the #RiyadhMetro network. Inspired by Riyadh’s wadis and native Acacia gerrardii trees, the station will bring together striking architecture, green spaces and modern facilities, connecting the #Expo2030Riyadh site to the city’s public transport network.
— الهيئة الملكية لمدينة الرياض (@RCRCSA) November 15, 2026
ഏകദേശം 70,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന രീതിയിൽ നിർമ്മിക്കുന്ന ഈ സ്റ്റേഷന് മണിക്കൂറിൽ 19,000 യാത്രക്കാരെ വരെ ഉൾക്കൊള്ളാൻ സാധിക്കുന്നതാണ്. ഈ സ്റ്റേഷന്റെ വാസ്തുവിദ്യാ രൂപകൽപ്പനയും RCRC പങ്ക് വെച്ചിട്ടുണ്ട്.

റിയാദ് നഗരിയിലെ ഗതാഗത ശൃംഖല വികസിപ്പിക്കുന്നതിനും, ജനസംഖ്യാ വർധനവ്, നഗരവികസനം, സാമ്പത്തിക വളർച്ച എന്നിവയ്‌ക്കൊപ്പം മുന്നേറുന്നതിനുമായി RCRC നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമാണ് ഈ മെട്രോ സ്റ്റേഷൻ. പൊതുഗതാഗത സംവിധാനത്തിലൂടെ എക്സ്പോ 2030 സന്ദർശകർക്ക് എക്സ്പോ വേദികളിലേക്ക് എത്തിച്ചേരാൻ ഈ സ്റ്റേഷൻ സൗകര്യമൊരുക്കുന്നതാണ്.

എക്സ്പോ അവസാനിച്ചതിന് ശേഷവും സമീപപ്രദേശങ്ങളിലേക്കും അടുത്തുള്ള സ്ഥലങ്ങളിലേക്കും സേവനം നൽകുന്നത് തുടരുന്ന രീതിയിൽ റിയാദ് മെട്രോ ശൃംഖലയുടെ സ്ഥിരമായ ഒരു ഭാഗമായി ഈ മെട്രോ സ്റ്റേഷൻ മാറുന്നതാണ്. കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന റിയാദ് മെട്രോയുടെ ‘യെല്ലോ ലൈനിൽ’ സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷൻ, കിംഗ് സൽമാൻ റോഡിന് കുറുകെ വ്യാപിച്ചുകിടക്കുന്ന രീതിയിൽ ‘എക്സ്പോ 2030 റിയാദ്’ വേദിയെയും ഭാവി നഗര വികസന മേഖലകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ഗ്രീൻ കോറിഡോറിനുള്ളിലായാണ് ഒരുങ്ങുന്നത്.

റിയാദിലെ പ്രകൃതിദത്തമായ ഭൂപ്രകൃതിയിൽ നിന്നും, പ്രത്യേകിച്ച് അവിടുത്തെ താഴ്വരകളിൽ നിന്നും അക്കേഷ്യ മരങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് എക്സ്പോ 2030 മെട്രോ സ്റ്റേഷന്റെ വാസ്തുവിദ്യാ രൂപകല്പന തയ്യാറാക്കിയിരിക്കുന്നത്.
അക്കേഷ്യ മരങ്ങളെ അനുസ്മരിപ്പിക്കുന്ന, ശാഖകളുള്ള എട്ട് തൂണുകളിൽ താങ്ങിനിർത്തിയിട്ടുള്ള 134 മീറ്റർ വ്യാസമുള്ള ഒരു സ്റ്റീൽ താഴികക്കുടം ഈ സ്റ്റേഷന്റെ പ്രത്യേകതയായിരിക്കും. ഈ രൂപകൽപ്പന സന്ദർശകർക്ക് തണൽ നൽകുന്ന ഇടങ്ങൾ ഒരുക്കുകയും ചെയ്യുന്നു. ഏകദേശം 44,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള ഹരിത ഇടങ്ങളും, ഊർജ്ജ ഉപഭോഗത്തിന്റെ ഏകദേശം 25 ശതമാനത്തോളം നിറവേറ്റാൻ രൂപകൽപ്പന ചെയ്ത സൗരോർജ്ജ സംവിധാനങ്ങളും ഉൾപ്പെടുത്തിയാണ് ഈ സ്റ്റേഷൻ നിർമ്മിക്കുന്നത്.
Cover Image: Royal Commission for Riyadh City.

