അബുദാബി: എട്ടാമത് ദേശീയ സഹിഷ്ണുതാ-സഹവർത്തിത്വ ഉത്സവം സംഘടിപ്പിച്ചു

GCC News

എട്ടാമത് ദേശീയ സഹിഷ്ണുതാ-സഹവർത്തിത്വ ഉത്സവത്തിന് അബുദാബിയിലെ ഉം അൽ എമാരത്ത് പാർക്ക് വേദിയായി. യു എ ഇ സഹിഷ്ണുതാ-സഹവർത്തിത്വ മന്ത്രാലയം സംഘടിപ്പിച്ച ഈ ത്രിദിന ഉത്സവം 2026 നവംബർ 13 മുതൽ 15 വരെ നീണ്ട് നിന്നു.

ദേശീയ സഹിഷ്ണുതാ-സഹവർത്തിത്വ ഉത്സവത്തിന്റെ എട്ടാമത് പതിപ്പ്, യു എ ഇ സഹിഷ്ണുത കാര്യ മന്ത്രി H.E. ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ 2026 നവംബർ 13-ന് ഉദ്ഘാടനം ചെയ്തിരുന്നു. ഈ വർഷത്തെ അതിഥി രാജ്യമായി ഇന്ത്യയും ഈ ഉത്സവത്തിൽ പങ്കാളിയായി.

‘ഐക്യത്തോടെ വളരാം’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ഈ മേളയിൽ 24-ലധികം രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു. യു എ ഇയിൽ നിയമിതരായ 60-ലധികം അംബാസഡർമാർ ഉൾപ്പടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 7,000-ത്തിലധികം ആളുകൾ ഈ മേളയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

Source: Abu Dhabi Media Office.

സഹിഷ്ണുതാ-സഹവർത്തിത്വ മന്ത്രാലയം ഡയറക്ടർ ജനറൽ അഫ്ര അൽ സാബ്രി, യു എ ഇയിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ എന്നിവർക്ക് പുറമെ, ഫെഡറൽ-പ്രാദേശിക ഉദ്യോഗസ്ഥരും, സർഗ്ഗാത്മക മേഖലയിലുള്ളവരും, സാംസ്കാരിക-മാനവിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവരും ഈ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Source: Abu Dhabi Media Office.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങൾ ഒത്തുചേരുകയും, പങ്കുവെക്കപ്പെട്ടതും നിലനിൽക്കുന്നതുമായ മൂല്യങ്ങളാൽ ഐക്യപ്പെടുകയും ചെയ്യുന്ന ഒരു സമൂഹമെന്ന നിലയിലുള്ള യു എ ഇയുടെ സ്വത്വത്തെ ഈ ഉത്സവം പ്രതിഫലിപ്പിക്കുന്നുവെന്ന് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പറഞ്ഞു. വ്യത്യസ്ത മതവിഭാഗങ്ങളിലും സാംസ്കാരിക പശ്ചാത്തലങ്ങളിലും പെട്ട ആളുകൾക്ക് സുരക്ഷിതമായും അന്തസ്സോടെയും സമാധാനത്തോടെയും ജീവിക്കാൻ കഴിയുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിൽ യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വഹിച്ച പങ്കിനെ അദ്ദേഹം പ്രത്യേകം എടുത്തുപറയുകയും ആദരിക്കുകയും ചെയ്തു.

എട്ടാമത് ദേശീയ സഹിഷ്ണുതാ-സഹവർത്തിത്വ ഉത്സവത്തിൽ അതിഥി രാജ്യമായി പങ്കെടുക്കുന്ന ഇന്ത്യയെ അദ്ദേഹം സ്വാഗതം ചെയ്തു. ചടങ്ങിൽ പങ്കെടുത്തതിന് ഡോ. മിത്തലിനോട് അദ്ദേഹം നന്ദി അറിയിച്ചു.

Source: Abu Dhabi Media Office.

യു എ ഇയും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളെയും, രാജ്യത്തിന്റെ വികസനത്തിൽ ഇന്ത്യൻ സമൂഹം നൽകിയ വിലപ്പെട്ട സംഭാവനകളെയും അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു. അറബിക്കടൽ വഴിയുള്ള നൂറ്റാണ്ടുകൾ നീണ്ട വ്യാപാര, യാത്രാ, സാംസ്‌കാരിക വിനിമയങ്ങളാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് അടിത്തറ പാകിയതെന്ന് അദ്ദേഹം അനുസ്മരിച്ചു. വ്യാപാരം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ തുടങ്ങിയ വിവിധ മേഖലകളെ ഉൾക്കൊള്ളുന്ന സമഗ്രമായ തന്ത്രപരമായ പങ്കാളിത്തമായി ഈ ബന്ധം വളർന്നു വികസിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Source: Abu Dhabi Media Office.

യു എ ഇയുടെ വികസനത്തിൽ ഇന്ത്യൻ സമൂഹം നൽകിയ സംഭാവനകളെയും, രാജ്യത്തിന്റെ സാമൂഹിക-സാംസ്‌കാരിക ജീവിതത്തിൽ അവർ വഹിച്ചുകൊണ്ടിരിക്കുന്ന പങ്കിനെയും അദ്ദേഹം പ്രശംസിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ അടയാളമായി, ‘ഗാർഡൻസ് ഓഫ് ടോളറൻസിൽ’ ഒരു പ്രത്യേക വൃക്ഷത്തൈ നടൽ ചടങ്ങ് അദ്ദേഹം പ്രഖ്യാപിച്ചു. എമിറാത്തി ജനതയും ഇന്ത്യൻ ജനതയും തമ്മിലുള്ള ബന്ധത്തിന്റെ ജീവനുള്ള പ്രതീകമായി വൃക്ഷത്തൈകൾ നടുന്നതിൽ പങ്കുചേരാൻ അദ്ദേഹം സദസ്സിലുള്ളവരെ ക്ഷണിക്കുകയും ചെയ്തു.

പരമ്പരാഗത കരകൗശല വസ്തുക്കൾ, തത്സമയ പ്രകടനങ്ങൾ, കല, സംവേദനാത്മക പ്രദർശനങ്ങൾ എന്നിവയിലൂടെ ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം ഈ മേളയിൽ പ്രദർശിപ്പിക്കപ്പെട്ടിരുന്നു.