ആഗോളതലത്തിൽ ആദ്യമായി, നിർജ്ജീവമാക്കിയ COVID-19 വാക്‌സിന്റെ (inactivated COVID-19 vaccine) മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം രാജ്യത്ത് ആരംഭിച്ചതായി യു എ ഇ ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ജൂൺ 23-ന് അബുദാബിയും, ബെയ്‌ജിങ്ങും തമ്മിൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്ത ചടങ്ങിന് ശേഷമാണ് ഇത് സംബന്ധിച്ച അറിയിപ്പുകൾ ഉണ്ടായത്.
COVID-19 മഹാമാരിയെ ആഗോള സഹകരണത്തിലൂടെ മറികടക്കാനുള്ള, യു എ ഇ നേതൃത്വത്തിന്റെ കാഴ്ചപ്പാടിൽ നിന്നും, പ്രതിജ്ഞാബദ്ധതയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ്, ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പും (CNBG), അബുദാബി ആസ്ഥാനമായുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – ക്ലൗഡ് കമ്പ്യൂട്ടിംഗ് കമ്പനിയായ ഗ്രൂപ്പ് 42-ഉം (G42) തമ്മിൽ ക്ലിനിക്കൽ സഹകരണ കരാർ ഒപ്പ് വെച്ചത്. അബുദാബി ആരോഗ്യവകുപ്പിന്റെ മേൽനോട്ടത്തിൽ, യു എ ഇയിലെ ക്ലിനിക്കൽ ട്രയൽ പ്രവർത്തനങ്ങൾക്ക് G42 നേതൃത്വം നൽകും.
യുഎഇയിൽ നടന്ന ചടങ്ങിൽ ആരോഗ്യ-പ്രതിരോധ മന്ത്രി അബ്ദുൾ റഹ്മാൻ മുഹമ്മദ് അൽ ഒവൈസ്, അബുദാബി ആരോഗ്യവകുപ്പ് ചെയർമാൻ ഷെയ്ഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹമീദ്, യുഎഇയിലെ ചൈനീസ് അംബാസഡർ നി ജിയാൻ, എമിറേറ്റ്സ് റെഡ് ക്രസന്റിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ഹംദാൻ മുസല്ലം അൽ മസ്രൂയി, ആരോഗ്യവകുപ്പിന്റെ ആക്ടിംഗ് അണ്ടർസെക്രട്ടറി ഡോ. ജമാൽ അൽകാബി എന്നിവർ പങ്കെടുത്തു. സിനോഫാം സിഎൻബിജിയുടെ പ്രതിനിധികളും, ചൈനീസ് മെഡിക്കൽ അതോറിറ്റികളും അടങ്ങുന്ന വലിയ സംഘം ബീജിംഗ്, വുഹാൻ നഗരങ്ങളിൽ നിന്ന് വീഡിയോ കോൺഫറൻസിലൂടെ നടന്ന ചടങ്ങിൽ പങ്കെടുത്തു.
“നിലവിലെ സാഹചര്യത്തിൽ, സർക്കാരുകളും, സ്വകാര്യ മേഖലയും തമ്മിൽ പുതിയ സംരംഭങ്ങൾ സൃഷ്ടിക്കുന്നതിനും, ഗവേഷണങ്ങൾ നടത്തുന്നതിനും, മുൻപ് ഉണ്ടായിരുന്നതിലും കൂടുതൽ സഹകരണത്തോടെ പ്രവർത്തിക്കേണ്ടതുണ്ട്. COVID-19 ഭീഷണിയെ നേരിടുന്നതിനും, ഈ മഹാമാരിയെ ചെറുത്ത് തോല്പിക്കുന്നതിനും ആഗോളതലത്തിൽ ഉണ്ടാകുന്ന എല്ലാ സംഭാവനകളെയും യുണൈറ്റഡ് അറബ് എമിറേറ്റ്സ് സ്വാഗതം ചെയ്യുന്നത് ഈ കാരണത്താലാണ്.”, ഈ സംരംഭത്തെ കുറിച്ച് ആരോഗ്യ-പ്രതിരോധ മന്ത്രി അബ്ദുൾ റഹ്മാൻ മുഹമ്മദ് അൽ ഒവൈസ് പറഞ്ഞു.
മൂന്ന് ഘട്ടങ്ങളിലായുള്ള ക്ലിനിക്കൽ ട്രയൽ പ്രക്രിയയുടെ ആദ്യ ഘട്ടം പ്രധാനമായും വാക്സിനുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും, രണ്ടാം ഘട്ടം രോഗപ്രതിരോധ ശേഷി വിലയിരുത്തുന്നതിനും, ഏതാനം വ്യക്തികളിൽ വാക്‌സിന്റെ രോഗപ്രതിരോധ പ്രവർത്തന രീതി പരീക്ഷിക്കുന്നതിനുമായാണ് ഉപയോഗിക്കുന്നത്. മൂന്നാം ഘട്ടത്തിൽ വാക്സിനുകളുടെ സുരക്ഷയും, ഫലപ്രാപ്തിയും കൂടുതൽ വിപുലമായി വലിയ ഒരു ജനവിഭാഗത്തിൽ പരീക്ഷിക്കുന്നു. ഈ മൂന്ന് ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കിയാൽ വാക്‌സിൻ വലിയ തോതിൽ നിർമ്മിക്കുന്നതിനായുള്ള നടപടികളിലേക്ക് പ്രവേശിക്കാവുന്നതാണ്. സിനോഫാം പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന, നിർജ്ജീവമാക്കിയ COVID-19 വാക്‌സിൻ, ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ആദ്യ രണ്ട് ഘട്ടങ്ങളും പ്രതികൂല ഫലങ്ങൾകൂടാതെ പൂർത്തിയാക്കിയിരുന്നു. ഇവ പരീക്ഷിച്ച മുഴുവൻ സന്നദ്ധപ്രവർത്തകരിലും, രണ്ട് ഡോസുകൾക്ക് ശേഷം 28 ദിവസത്തിനുള്ളിൽ ആന്റിബോഡികൾ സൃഷ്ടിക്കപ്പെടുകയുണ്ടായി.
ഈ സംയുക്ത സഹകരണത്തിലൂടെ, G42-ഉം, സിനോഫാം സിഎൻബിജിയും COVID-19 വൈറസിനെ സുരക്ഷിതമായി പ്രതിരോധിക്കുന്നതിനു ഫലപ്രദമായ വാക്സിൻ നിർമിക്കുന്ന പ്രവർത്തനം, 2020 അവസാനത്തോടെ അല്ലെങ്കിൽ 2021 ന്റെ തുടക്കത്തിൽ വിപണിയിൽ പ്രവേശിക്കാൻ കഴിയുന്ന രീതിയിൽ, ഊർജ്ജിതപ്പെടുത്തുന്നതിനാണ് ലക്ഷ്യമിടുന്നത്.
Photo: WAM