ജനങ്ങൾ ഒത്തുചേരുന്ന സാഹചര്യം ഉണ്ടാകുന്ന ചടങ്ങുകൾക്കും, പൊതു പരിപാടികൾക്കും എമിറേറ്റിൽ ഏർപ്പെടുത്തിയ വിലക്കുകൾ ജൂലൈ അവസാനം വരെ തുടരാൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി. ഷാർജ ഭരണാധികാരിയും, ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖസ്സിമിയുടെ ഉത്തരവനുസരിച്ചാണ് എല്ലാ സാമൂഹിക പരിപാടികളും, ആഘോഷങ്ങളും ഒഴിവാക്കുന്നത് തുടരാൻ അധികൃതർ തീരുമാനിച്ചത്.
ഇതോടെ വിവാഹ ഹാളുകൾ, പൊതു ഹാളുകൾ തുടങ്ങിയ ഇടങ്ങളിൽ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത് ഈ കാലയളവിൽ അനുവദിക്കില്ല. കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി, ജൂൺ അവസാനം വരെ പൊതുചടങ്ങുകൾക്കും, പരിപാടികൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ നേരത്തെ തീരുമാനിച്ചിരുന്നു. ഈ നിയന്ത്രണങ്ങളാണ് ജൂലൈ 1 മുതൽ ജൂലൈ അവസാനം വരെ നീട്ടാൻ ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. ജൂലായിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത്, ഈ വിലക്കുകൾ ആവശ്യമെങ്കിൽ തുടരാമെന്നും അധികൃതർ സൂചിപ്പിച്ചു.