അബുദാബി: പുതിയ സ്കൂൾ ടേമിൻ്റെ ആദ്യ രണ്ടാഴ്ച്ച വിദൂര പഠനരീതി നടപ്പിലാക്കും

UAE

എമിറേറ്റിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പുതിയ സ്കൂൾ ടേമിൻ്റെ ആദ്യ രണ്ടാഴ്ച്ച വിദൂര പഠനരീതി നടപ്പിലാക്കുമെന്ന് അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി വ്യക്തമാക്കി. അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പുമായി ചേർന്നാണ് കമ്മിറ്റി ഈ തീരുമാനം നടപ്പിലാക്കുന്നത്.

ഈ തീരുമാനം അബുദാബിയിലെ പൊതു-സ്വകാര്യ സ്കൂളുകൾ, ഇൻസ്റ്റിറ്റ്യൂട്ടുകൾ, കോളേജുകൾ, സർവ്വകലാശാലകൾ എന്നിവ ഉൾപ്പടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമാണ്. എമിറേറ്റിലെ വിദ്യാഭ്യാസ സമൂഹത്തിന്റെ ആരോഗ്യവും സുരക്ഷയും കൂടുതൽ ഉറപ്പ് വരുത്തുന്നതിനായാണ് ഈ തീരുമാനം.

ഈ രണ്ടാഴ്ച്ച കാലയളവിൽ വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാർക്കായി നടന്നുകൊണ്ടിരിക്കുന്ന COVID-19 പരിശോധനാ പ്രചാരണപരിപാടികൾ കൂടുതൽ ഊർജ്ജിതമാക്കുമെന്നും കമ്മിറ്റി അറിയിച്ചിട്ടുണ്ട്. വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള പഠനം തുടരുന്നതിന്റെ സാഹചര്യങ്ങൾ ഈ കാലയളവിൽ കമ്മിറ്റി തുടർച്ചയായി നിരീക്ഷിക്കുന്നതാണ്.

അബുദാബിയിലെ COVID-19 വ്യാപനം പരിമിതപ്പെടുത്തുന്നതിനും, എമിറേറ്റിലെ കുറഞ്ഞ അണുബാധ നിരക്ക് നിലനിർത്തുന്നതിനുമുള്ള മുൻകരുതൽ നടപടിയായാണ് ഈ തീരുമാനം. വൈറസിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിനും, സ്കൂളുകളിലേക്ക് സുരക്ഷിതമായ മടങ്ങിവരവ് ഉറപ്പുനൽകുന്നതിനുമായി എല്ലാ സ്കൂളുകളിലെയും രക്ഷിതാക്കളോടും, അക്കാദമിക്, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരോടും ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിക്കാൻ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. മാസ്കുകളുടെ ശരിയായ ഉപയോഗം, സാമൂഹിക അകലം, കൈകളുടെ ശുചിത്വം തുടങ്ങിയ മുൻകരുതൽ നടപടികൾ തുടരേണ്ടത് പൊതുസമൂഹത്തിന്റെ ആരോഗ്യ സുരക്ഷ മുൻനിർത്തി വളരെ പ്രധാനമാണെന്ന് കമ്മിറ്റി ഓർമ്മപ്പെടുത്തി.

WAM