ഷാർജ: സ്വകാര്യ വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള അധ്യയനം തുടരുമെന്ന് SPEA

featured UAE

എമിറേറ്റിലെ മുഴുവൻ സ്വകാര്യ വിദ്യാലയങ്ങളിലെയും വിദ്യാർത്ഥികൾക്ക് ക്ലാസുകളിൽ നേരിട്ടെത്തുന്ന രീതിയിലുള്ള അധ്യയനം തുടരുമെന്ന് ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) അറിയിച്ചു. 2022 ജനുവരി 3 മുതൽ രണ്ടാം സെമസ്റ്റർ ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് SPEA വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള പഠനം തുടരുമെന്ന് സ്ഥിരീകരിച്ചത്.

ഡിസംബർ 29-നാണ് SPEA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റിയുടെ നിർദ്ദേശങ്ങൾ പ്രകാരമാണ് SPEA ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഈ തീരുമാനം എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകൾ, നഴ്സറികൾ, സ്വകാര്യ പഠനകേന്ദ്രങ്ങൾ എന്നിവയ്ക്ക് ബാധകമാണ്.

ഈ അറിയിപ്പ് പ്രകാരം വിദ്യാർഥികൾ കൂട്ടം ചേർന്നുള്ള പ്രവർത്തനങ്ങൾ, പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ തുടരുന്നതാണ്. സ്‌കൂളുകളിലെ രാവിലത്തെ അസംബ്ലി, പഠന യാത്രകൾ തുടങ്ങിയ പ്രവർത്തനങ്ങൾ താത്‌കാലികമായി നിർത്തലാക്കിയിട്ടുണ്ട്. ഇത്തരം വിലക്കുകൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുന്നതാണ്.

വിദ്യാലയങ്ങളിലെത്തുന്ന മുഴുവൻ ജീവനക്കാരും, 12 വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ വിദ്യാർത്ഥികളും 96 മണിക്കൂറിനിടയിൽ നേടിയ നെഗറ്റീവ് PCR റിസൾട്ട് ഹാജരാക്കേണ്ടതാണ്.